കെ -സ്വിഫ്റ്റ് ബസ് അപകടങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിഐടിയു

തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് അപകടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്ഡറിനെതിരെ സി.ഐ.ടി.യു. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് നിയമിച്ചതെന്നും അപകടങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും സിഐടിയു നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ടി.ഇ വര്‍ക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണന്‍ ആവശ്യപ്പെട്ടു.

അപകട വാര്‍ത്തകള്‍ ശുഭകരമല്ലെന്നും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനില്‍ നിയമിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. കെ.എസ്.ആര്‍.ടി.സിയിലുള്ള പ്രതിസന്ധിയുടെ പാപഭാരം ജീവനക്കാരുടെ തലയില്‍ വെക്കേണ്ടെന്നും പ്രശ്ന പരിഹാരത്തിനായി 19 ന് ചീഫ് ഓഫീസ് ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളില്‍ മാനേജ്‌മെന്റിന് പിടിവാശിയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കെ.എസ്.ആര്‍.ടി.സിയെ ബാധിക്കുന്ന വൈറസായി അവര്‍ മാറരുതെന്ന് ആവശ്യപ്പെട്ടു. പിടിപ്പുകേടിന്റെ പര്യായമാണ് മാനേജ്‌മെന്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെ. സ്വിഫ്റ്റ് അപകടത്തിന് കാരണം ഡ്രൈവര്‍മാരുടെ പരിചയ കുറവാണെന്നും സ്വിഫ്റ്റ് തുടങ്ങിയത് കെഎസ്‌ആര്‍ടിസിയുടെ നാശത്തിന് കാരണം തൊഴിലാളി യൂണിയനുകളാണെന്ന് വരുത്തി തീര്‍ക്കാനാണെന്നും കെഎസ്‌ആര്‍ടിഇയു (എഐടിയുസി) ജനറല്‍ സെകട്ടറി എം.ജി രാഹുല്‍ ആരോപിച്ചു. ഏറ്റവുമൊടുവില്‍ താമരശേരി ചുരത്തില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരി-തിരുവനന്തപുരം ഡീലക്സ് ഏയര്‍ ബസാണ് താമരശേരി ചുരത്തില്‍ ഭിത്തിയിലിടിച്ചത്. ഇന്നലെ രാത്രി എട്ടാം വളവിലെ ഭിത്തിയിലാണ് ബസിടിച്ചത്. താമരശേരി ചുരത്തിലെ ആറാം വളവില്‍ ഇന്നലെ തിരുവനന്തപുരം – മാനന്തവാടി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടിരുന്നു.

നേരത്തെ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സര്‍വ്വീസുകള്‍ തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നിരുന്നത്. തിരുവനന്തപുരം കല്ലമ്ബലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നത്. കല്ലമ്ബലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആര്‍.ടി.സിയുടെ മിറര്‍ സ്ഥാപിച്ചാണ് സര്‍വീസ് തുടര്‍ന്നത്. ചങ്കുവട്ടിയില്‍ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.