അടുത്ത വർഷം മുതൽ സിബിഎസ്ഇയ്ക്ക് ഒറ്റ ബോർഡ് പരീക്ഷ

ഡൽഹി : സി ബി എസ് ഇ ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത് ഈ വർഷം മാത്രം. അടുത്ത വർഷം ഒറ്റ പരീക്ഷ മതിയെന്നാണ് തീരുമാനം.സ്കൂളുകളിൽ ഓഫ് ലൈൻ ക്ലാസ് തുടങ്ങിയ സാഹചര്യത്തിലാണിത്. സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ.

രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സിബിഎസ്ഇ വെബ്‌സൈറ്റിൽ ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15 നും അവസാനിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിക്കുമെന്ന് സിബിഎസ്ഇ ബോർഡ് അധികൃതർ അറിയിച്ചു. ഒറ്റ ഷിഫ്റ്റായിട്ടാണ് പരീക്ഷ നടത്തുന്നതെന്നും അധികൃതർ അറിയിച്ചു.

അതേ സമയം സിബിഎസ്ഇ 10, 12 ക്ലാസ് ഒന്നാം ടേം പരീ​ക്ഷ റിസർട്ട് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പരീക്ഷ ഫലം തയ്യാറാക്കൽ നടപടികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു എന്നും എപ്പോൾ വേണമെങ്കിലും ഫലം പ്രഖ്യാപിക്കാമെന്നും സിബിഎസ്ഇ ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് ലോഗിൻ അക്കൗണ്ട് വഴി സ്കോർ നേരിട്ട് ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.