തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൊല്ലം നഗരത്തിലെ മുണ്ടയ്‌ക്കൽ, വെടിക്കുന്ന്, ഇരവിപുരം, കരുനാഗപ്പള്ളിയിലെ ആലപ്പാട് ഭാഗങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്.

രാത്രിയും പുലർച്ചയും കടലേറ്റം തുടർന്നു. തിരമാലയടിച്ച് തകരാൻ സാധ്യതയുള്ള വീടുകളിൽനിന്ന് ആളുകൾ വീട്ടുപകരണങ്ങൾ മാറ്റി തുടങ്ങി. കൊടുങ്ങല്ലൂരിൽ വിവിധ പ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസമുണ്ടായി. ചന്തക്കടപ്പുറം, പെരിഞ്ഞനം സമിതി ബീച്ച്, കാര അറപ്പക്കടവ്, പുതിയ റോഡ്, എന്നിവടങ്ങളിലാണ് ഇന്നലെ രാത്രി കള്ളക്കടൽ പ്രതിഭാസമുണ്ടായത്.

മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തിരയടിച്ച് വീടുകളിൽ വെള്ളം കയറിയെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.