കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി (84) നെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കത്രിക്കുട്ടിയുടെ ദയനീയാവസ്ഥ മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് ജോസഫ് നടത്തിയ കുറ്റസമ്മതം.

വെള്ളിയാഴ്ച രാത്രി 11.30-ഓടെ കരച്ചിൽ കേട്ട് മക്കൾ മുറിയിൽ നോക്കുമ്പോഴാണ് കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയിൽ കത്രിക്കുട്ടിയെ കാണുന്നത്. കഴിഞ്ഞ ആറുമാസമായി ഇവർ വീഴ്ചയെത്തുടർന്ന് കിടപ്പിലായിരുന്നു. ഇവരുടെ ഇളയ മകൻ ബിജുവും കുടുംബവും മകൾ ജോളിയും ഒപ്പമുണ്ടായിരുന്നു.
ഒരേ മുറിയിലാണ് ജോസഫും കത്രിക്കുട്ടിയും ഉറങ്ങിയിരുന്നതെന്നും രാത്രി ജോസഫ് പുറത്തേക്കു പോയിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ജീവകങ്ങൾ രക്തത്തിൽ കുറയുന്നതടക്കമുള്ള അസുഖങ്ങൾ ജോസഫിനുമുണ്ട്. സോഡിയം കുറഞ്ഞതിന്റെ വിഭ്രാന്തിയിൽ ചെയ്ത പ്രവർത്തിയാകാമെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് ഇതും സ്ഥിരീകരിച്ചിട്ടില്ല.

കത്രിക്കുട്ടി രോഗാവസ്ഥ കൊണ്ട് ചിലപ്പോൾ ബഹളം കൂട്ടിയിരുന്നതായി സമീപവാസികൾ പറയുന്നു. ജോസഫും കത്രിക്കുട്ടിയും നേരത്തേ വലിയ സ്‌നേഹത്തിലാണ് കഴിഞ്ഞിരുന്നത്. കിടപ്പായ കാലം മുതൽ ഇദ്ദേഹമാണ് പരിചരിച്ചിരുന്നത്.