പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം, പതിവാകുന്നതായി പരാതി

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന് തേങ്ങകളാണ് കള്ളന്മാർ കൊണ്ടുപോയത്.

ഓട്ടോറിക്ഷയിൽ എത്തിയാണ് കള്ളന്മാർ തേങ്ങ കടത്തിക്കൊണ്ടു പോയത്. 27 വർഷമായി നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി രമ പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ തേങ്ങ വിൽപന തുടങ്ങിയിട്ട്. ഇത്രയും നാൾ നേരിട്ടിട്ടില്ലാത്ത പരീക്ഷണമാണ് രമയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്നത്. വിൽക്കാൻ എത്തിക്കുന്ന തേങ്ങകൾ കള്ളന്മാർ മോഷ്ടടിക്കുന്നു.

ഞായറാഴ്ച അമ്പത് കിലോയുടെ ഏഴ് ചാക്കുകൾ കാണാതായി. അമ്പതിനായിരം രൂപയുടെ തേങ്ങ മോഷ്ടിച്ചു.
പൊലീസ് എത്തി ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചു. പാസഞ്ചർ ഓട്ടോയിലാണ് കള്ളന്മാർ തേങ്ങ കടത്തുന്നത്. പക്ഷെ ഓട്ടോയുടെ നമ്പർ മാത്രം ഒരു ക്യാമറയിലും വ്യക്തമല്ല. തലസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് ഈ കവർച്ച മുഴുവൻ നടന്നിരിക്കുന്നത്.