കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാൻ ഡല്‍ഹിയില്‍ പടയൊരുക്കം; ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച് വി.ഡി സതീശൻ

ന്യൂഡല്‍ഹി: കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റുന്നതിനായുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ തകൃതിയായി നടക്കുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എംപിമാരുടെ പിന്തുണയോടെയാണിത്. ഡല്‍ഹി സന്ദര്‍ശിച്ച സതീശന്‍, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. ഖാര്‍ഗെ അധ്യക്ഷനായ ശേഷം നേരില്‍ കണ്ടില്ലെന്നും അതിനുവേണ്ടിയാണ് ഡല്‍ഹിയില്‍ എത്തിയത് എന്നുമായിരുന്നു നേതാവിന്റെ വിശദീകരണം.

എന്നാൽ അത് മാത്രമല്ല കൂടിക്കാഴ്ച്ചയ്ക്ക് പിന്നില്ലെന്ന് കോൺഗ്രസിന് അകത്തും പുറത്തുമുള്ളവർക്ക് വ്യക്തമായി അറിയാം. സുധാകരനെ മാറ്റുന്നകാര്യവും കെപിസിസി പുനഃസംഘടനയും ചര്‍ച്ച ആയെന്ന് ഡല്‍ഹി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഹൈബി ഈഡന്‍ അടക്കമുള്ള യുവ എംപിമാരും സുധാകരനെതിരായ നീക്കങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. സതീശന്‍ രാഹുല്‍ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കണ്ടപ്പോഴും കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയായി. എന്നാൽ ഇതിൽ ഇടപെടാനില്ലെന്ന നിലപാടിലാണ് രാഹുൽഗാന്ധി.

അടുത്തിടെ സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ ഉണ്ടായ അസ്വസ്ഥതയ്ക്ക് അപ്പുറം സംഘടന വിഷയങ്ങളും അദ്ദേഹത്തിന്റെ അനാരോഗ്യവും നേതാക്കള്‍ ആയുധമാക്കുന്നു. സംഘടന കോണ്‍ഗ്രസ് കാലത്ത് സുധാകരന്‍ നടത്തിയ ആര്‍.എസ്.എസ് അനുകൂല പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിലെ വൈരുദ്ധ്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സുധാകരന്റെ പ്രസ്താവനകള്‍ യുഡിഎഫ് ഘടകകക്ഷികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ലീഗ് നേരത്തേ അതൃപ്തി പരസ്യമാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനോട് പരാതി പറയാനില്ലെന്ന നിലപാടിലാണ്.