4 ആശുപത്രികൾ കയറിയിറങ്ങിയിട്ടും ഓക്സിജൻ ലഭിച്ചില്ല, പിടഞ്ഞു മരിച്ച അച്ഛന്റെ വേദനയിൽ മകൻ

കോവിഡ് പടർന്നുപിടിച്ചതിനു പിന്നാലെ പ്രാണവായു ലഭിക്കാതെ മരണപ്പെടുന്നത് നിരവധിപ്പേരാണ്. ആശുപത്രികൾ രോ​ഗികളെയും കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. സ്വന്തം പിതാവ് ഓക്സിജൻ ലഭിക്കാതെ പിടഞ്ഞു മരിച്ചതിന്റെ കദന കഥ പറയുകയാണ് എം.ബി. പ്രകാശ് എന്ന യുവാവ്. 75 വയസ്സുകാരനായ പത്തനംതിട്ട കൂടൽ അതിരുങ്കൽ കനകക്കൂന്നേൽ കെ. ബാലനാണ് തിങ്കളാഴ്ച പുലർച്ചെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. പിതാവിന്റെ മരണ വാർത്ത ഏവരെയും കണ്ണീരിണിയക്കുന്നതാണ്. ആശുപത്രികളിൽ കിടക്കകളില്ലാത്തതിനാൽ രോ​ഗികളെ പ്രേവേശിപ്പിക്കാത്ത അവസ്ഥയിലാണ്. ​ഗുരുതരാവസ്ഥയിലായ രോ​ഗികളെയും കൊണ്ട് വീട്ടുകാർ കയറി ഇറങ്ങുന്നത് നിരവധി ആശുപത്രികളാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവിനെയും കൊണ്ടു 4 ആശുപത്രികളിലെത്തിയിട്ടും പ്രവേശനം ലഭിച്ചില്ലെന്നും ശ്മശാനത്തിൽ പോലും ഏറെ നേരം കാത്തിരിക്കേണ്ടി വന്നെന്നും വേദനയോടെ മകൻ പറയുന്നു.

നാട്ടിൽ നിന്നും തിരിച്ച് ഡൽഹിയിലെത്തിയതിനു പിന്നാലെയാണ് പ്രകാശിന്റെ ഭാര്യക്ക് പനിയും മറ്റ് അസ്വസ്ഥതകളും കണ്ടത്. പിന്നാലെ കുടുംബാംഗങ്ങൾക്കെല്ലാം പനി ബാധിച്ചു. പരിശോധനയിൽ കോവിഡാണെന്നു സ്ഥിരീകരിച്ചു. കോവിഡും പനിയും കുറഞ്ഞതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രി ബാലനു ശ്വാസതടസ്സം അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിക്കാനായി ആംബുലൻസിനു വേണ്ടി പലരെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ രാത്രി 11 മണിയോടെയെത്തിയ ആംബുലൻസിൽ സഹായത്തിന് ആരുമുണ്ടായില്ല. വീട്ടുകാർതന്നെയാണ് ബാലനെയും കൊണ്ട് ആശുപത്രിയികൾ കയറി ഇറങ്ങിയത്.

നാലാമത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നേരം വെളുത്തിരുന്നു. അവിടെവെച്ചാണ് ഡോക്ടർ പരിശോധിക്കാനെങ്കിലും തയാറായത്. എന്നാൽ അപ്പോഴേക്കും ഓക്സിജൻ നില താണതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ രാവിലെ പുലർച്ചെ സീമാപുരി ശ്മശാനത്തിലെത്തി. അവിടെയും കാത്തിരിപ്പു തുടരേണ്ടി വന്നു. ഒടുവിൽ 11 മണി കഴിഞ്ഞ ശേഷമാണു പിതാവിനെ സംസ്കരിക്കാൻ ഇടം ലഭിച്ചതെന്നു പ്രകാശ് പറയുന്നു.