നവകേരള സദസ്സില്‍ ആളുമാറി സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്

കൊച്ചി. നവകേരള സദസ്സിനിടെ സിപിഎം പ്രവര്‍ത്തകനെ ആളുമാറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സിപിഎം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗത്തെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരള സദസ്സിനിടെയാണ് മര്‍ദനം ഉണ്ടായത്.

താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നതായി റയീസ് പറയുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ റയീസ് പാര്‍ട്ടി വിടുമെന്നും പറഞ്ഞു. ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നവകേരള സദസ്സ് വേദിയില്‍ പ്രതിഷേധിച്ചിരുന്നു.

ഇവരില്‍ പെട്ട വ്യക്തിയാണെന്ന് കരുതിയാണ് റയീസിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ റയീസ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ നവകേരള സദസ്സ് കാണാനായി പോയതായിരുന്നു. അടുത്ത് രണ്ട് പേരുണ്ടായിരുന്നു. ഇവര്‍ എന്തോ ലഘുലേഖ കൈമാറി. തുടര്‍ന്ന് പുറത്തേക്ക് പോകാന്‍ നിന്നപ്പോള്‍ അഞ്ച് പേര്‍ വന്ന് ഫോണ്‍ വാങ്ങി പരിശോധിച്ചു. പുറത്തേക്ക് പോന്ന തന്നെ 19 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് റയീസ് പറയുന്നു.