ഈ ആഴ്ച തന്നെ അധികാരമേൽക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ

കൊളംബോ ∙ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേൽക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകുമെന്നാണു സൂചന. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളയുന്ന ഭരണഘടന ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയിൽ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോട്ടബയയുടെ പുതിയ അനുനയ നീക്കം. റനിലുമായി പ്രസിഡന്റ് ചർച്ചയും നടത്തിയിരുന്നു. പ്രധാനമന്ത്രി പദമൊഴിഞ്ഞ മഹിന്ദ രാജപക്സെ ജീവനും കൊണ്ടോടി ട്രിങ്കോമാലിയിലെ നാവിക താവളത്തിൽ അഭയം കണ്ടെത്തി.

രാജ്യത്ത് ഭരണപരമായ അസ്ഥിരത തുടർന്നാൽ രാജിവച്ചു പോവുകയേ നിവൃത്തിയുള്ളുവെന്ന് സെൻട്രൽ ബാങ്ക് ഗവർണർ നന്ദലാൽ വീരസിംഗെ വ്യക്തമാക്കി. രാജ്യം ഊർജപ്രതിസന്ധിയിലേക്കും ഇന്ധന ക്ഷാമത്തിലേക്കും നീങ്ങുകയാണെന്നും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഭരണസ്ഥിരതയ്ക്കാവശ്യമാണെന്നും ഗവർണർ പറഞ്ഞു.