സൈറസ് മിസ്ത്രിയുടെ മരണം; അമിതവേഗത്തില്‍ ഓവര്‍ടേക്കിനിടെയാണ് അപകടം സംഭവിച്ചത്

മുംബൈ. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കാര്‍ അമിത വേഗതയില്‍ ഇടതുവശത്തുകൂടി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുവാന്‍ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ ഒരു പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. അനഹിത പണ്ടോളെയാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നതെന്നാണ് വിവരം.

ഒരു സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇടത് വശത്ത് കൂടെ ഓവര്‍ടേക്ക് ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സൈറസ് മിസ്ത്രി, അനഹിത, ഭര്‍ത്താവ് ഡാരിസ്, ജഹാംഗിര്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പിന്‍സീറ്റില്‍ ഇരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചത്. ഇവര്‍ ഗുജറാത്തിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിവരുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ അനഹിതയും ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദാബാദില്‍ നിന്നും മുബൈയിലേക്കുള്ള യാത്രയ്ക്കിടെ പാല്‍ഘറില്‍ ചരോട്ടിയില്‍ വെച്ചാണ് അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.

സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച് മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്തന്‍ ടാറ്റ വിരമിച്ചതിന് ശേഷം ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ത്രി ചുമതലയേറ്റത്. എന്നാല്‍ 2016 ഓക്ടോബറില്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.