ജീവിക്കുവാന്‍ മുന്നില്‍ മറ്റു വഴിയില്ല; തടി തോളിലേറ്റി ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍

പാലാ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായിട്ട് രണ്ട് മാസം പിന്നിടുമ്പോള്‍ ജീവിക്കുവാന്‍ മറ്റ് വഴികളിലാതെ ഉദ്യോഗസ്ഥര്‍ പലരും മറ്റ് ജോലികള്‍ക്കായി ശ്രമിക്കുകയാണ്. കുടുംബം പട്ടിണി കിടക്കാത്തിരിക്കുന്നതിനാണ് ലഭിക്കുന്ന എന്ത് ജോലിയും ചെയ്യുവാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തയ്യാറെടുക്കുന്നത്. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവര്‍ ചെമ്പിളാവ് പറത്താനത്ത് എന്‍ ജിജിമോന്‍ മറ്റ് വഴികളില്ലാതെ തടിപ്പണിക്ക് പോകുകയാണ് ഇപ്പോള്‍.

അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം കെഎസ്ആര്‍ടിസിയില്‍ നിന്നും ജിജിമോന് ലഭിക്കുന്ന ശമ്പളമായിരുന്നു. എന്നാല്‍ ഇതും മുടങ്ങിയതോടെ കുടുംബം പട്ടിണിയിലാകാതിക്കുവാന്‍ ചുമലില്‍ ഭാരമേറ്റുകയാണ് ഇപ്പോള്‍ ജിജിമോന്‍. വയസ്സായ അമ്മയുടെ മരുന്നുകള്‍ക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും വയ്പ തിരിച്ചടവ് കുടങ്ങാതിരിക്കുവനുമാണ് കിട്ടിയ തടിപ്പണിക്ക് പോയിത്തുടങ്ങിയതെന്ന് ജിജിമോന്‍ പറയുന്നു.

തടി ചുമലിലേറ്റുന്ന ജിജിമോന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കുട്ടികളുടെ സ്‌കൂളിലെ ഫീസിനായി തന്നെ വലിയ ഒരു തുകവേണം ജിജിമോന്. കെഎസ്ആര്‍ടിസിയില്‍ നിന്ന് ശമ്പളം ലഭിച്ചിരുന്നപ്പോള്‍ കൃത്യമായി ഫീസ് ജിജിമോന്‍ നല്‍കിയിരുന്നു. എന്നാല്‍ ശമ്പളം മുടങ്ങിയതോടെ ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കുട്ടികളുടെ സ്‌കൂള്‍ ഡയറിയില്‍ ടീച്ചര്‍ ഫീസ് ഉടന്‍ അടയ്ക്കണമെന്ന് എഴുതി കൊടുത്തയച്ചതായും ജിജിമോന്‍ പറയുന്നു.

ഭാര്യ ശ്രീജയ്ക്ക് കുമ്മണ്ണൂരിലെ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലിയുണ്ട്. ജിജിമോന്റെ അമ്മ 77 വയസ്സായ പാര്‍വതിക്ക് ചികിത്സയ്ക്കു തന്നെ വേണം വലിയ ഒരു തുക. ദീര്‍ഷദൂര സര്‍വ്വീസാണ് ജിജിമോന്‍ ഓടിക്കുന്നത്. ജോലി കഴിഞ്ഞെത്തിയ ശേഷമാണ് തടിപ്പണിക്ക് പോകുന്നത്. 2015ലാണ് കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിക്കുന്നത്. അതിന് മുമ്പ് ലോറി ഡ്രൈവറായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പാലാ ഡിപ്പോയില്‍ എത്തിയത്.