സെക്യൂരിറ്റി സർവീസല്ല പണി, ഹോസ്റ്റലിൽ നടന്നതിനെക്കുറിച്ച് അറിവില്ല, ഈ നാട്ടുകാരനെയല്ല എന്ന മട്ടിൽ ഡീൻ ‌

വയനാട് : സിദ്ധാർത്ഥിന്റെ മരണത്തിൽ തന്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്നും സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണിയെന്നും ഡീൻ എം.കെ നാരായണൻ. സിദ്ധാർത്ഥിന്റെ മരണം വരെ താൻ ഒന്നും അറിഞ്ഞിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടറിന്റെ അഭാവമുണ്ട്. നേരത്തെ പ്രശ്‌നമൊന്നുമില്ലാത്ത സാഹചര്യത്തിൽ അത് വിഷയമായിരുന്നില്ല. ഇപ്പോൾ സെക്യൂരിറ്റി പ്രശ്‌നമുണ്ട്.

എന്നാൽ എല്ലാ ദിവസവും തനിക്ക് പോയി ഹോസ്റ്റലിലെ വിവരങ്ങൾ അന്വേഷിക്കാൻ കഴിയില്ല എന്ന ധിക്കാരപരമായ മറുപടിയാണ് അദ്ധേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫെബ്രുവരി 18-നാണ് സംഭവം നടക്കുന്നത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് കുട്ടികളെ കൊണ്ടുപോയത് അസിസ്റ്റൻ്റ് വാർഡൻ ആയിരുന്നു. അദ്ദേഹം കോഴിക്കോട് നിന്നും ഉച്ചയ്‌ക്ക് 1.40-ന് വിളിച്ച് ആത്മഹത്യാശ്രമം നടന്നതായി അറിയിച്ചു. പത്ത് മിനിറ്റിനുള്ളിൽ താൻ സ്ഥലത്തെത്തി.

ഹോസ്റ്റലിൽ ചെന്നപ്പോൾ കുട്ടികൾ പോലീസിൽ വിവരം അറിയിച്ച് ആംബുലൻസിനായി കാത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കളെ വിളിച്ച് അറിയിക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്തിയെന്നും ഡീൻ പറയുന്നു. ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ ജീവൻ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടു.

സംഭവ ദിവസം ഔദ്യോ​ഗിക വാഹനങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ മറ്റൊരു കുട്ടിയുടെ വാഹനത്തിലാണ് ആംബുലൻസിനെ പിന്തുടർന്നത്. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച് 10 മിനിറ്റിനുള്ളിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ തന്നെ വിദ്യാർത്ഥിയായ കൃഷ്ണകാന്ത് എന്ന കുട്ടിയാണ് സിദ്ധാർത്ഥന്റെ അമ്മാവനായ ഷിബുവിനെ വിവരം അറിയിച്ചത്.

ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് വിവരം അറിയിക്കാൻ മറ്റൊരു കൂട്ടിയെ ചുമതലപ്പെടുത്തിയത്. എല്ലാകാര്യവും ഡീൻ അറിയിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും എം.കെ നാരായണൻ പറഞ്ഞു