‘ചിപ്പിയും രഞ്ജിത്തും പ്രണയത്തിലാണെന്നറിഞ്ഞില്ല, ദിവ്യ ഉണ്ണി തുറന്ന് പറയുന്നു

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ താരമാണ് ദിവ്യ ഉണ്ണി. പിന്നീട് നടിയായി മലയാളികളുടെ മനസില്‍ ഇടം നേടി. കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിച്ച താരം വിവാഹം കഴിക്കുകയും അമേരിക്കയില്‍ നൃത്ത വിദ്യാലയം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ദിവ്യയുടെ ഉണ്ണി വിവാഹ ബന്ധം വേര്‍പിരിയുകയും മറ്റൊരു വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

രഞ്ജിത്തിനേയും ചിപ്പിയേയും കുറിച്ച് തുറന്നുപറയുന്ന ദിവ്യ ഉണ്ണിയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നിര്‍മ്മാതാവായ രഞ്ജിത്തിനോടുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്. അദ്ദേഹം സ്വന്തം ചേട്ടനെപ്പോലെയാണ്. അധികാരത്തോടെ പെരുമാറുന്ന അനിയത്തിക്കുട്ടിയായാണ് പെരുമാറാറുള്ളത്. ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് അന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നും താരം പറയുന്നു. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ താന്‍ എത്രയോ തവണ കട്ടുറുമ്പായിട്ടുണ്ടാവും എന്നായിരുന്നു താരത്തിന്റെ ചിന്ത.

അവാര്‍ഡ് ഷോ കാണുമ്പോള്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും അടുത്തൊക്കെ അദ്ദേഹം ഇരിക്കുമ്പോള്‍ അതേക്കുറിച്ച് താന്‍ വീട്ടില്‍ പറയാറുണ്ടെന്നും താരം പറയുന്നു. ആരോടും ചൂടാവാത്ത പ്രകൃതക്കാരനായ രഞ്ജിത്തേട്ടന്‍ ഒരിക്കല്‍ തന്നോട് ദേഷ്യപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. ഏതോ ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു അത്. മറവത്തൂര്‍കനവ്, കല്യാണസൗഗന്ധികം തുടങ്ങിയ സിനിമകളിലെല്ലാം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.

മുരളി അഭിനയിച്ച നീയെത്ര ധന്യ എന്ന ചിത്രത്തിലെ ബാലതാരമായാണ് ദിവ്യ ഉണ്ണി അഭിനയജീവിതം ആരംഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന അരികില്‍ നീയുണ്ടായിരുന്നുവെങ്കിലെന്ന ഗാനം ഈ സിനിമയിലേതാണ്. കാവ്യ മാധവന്‍ അഭിനയിച്ച ആദ്യ സിനിമയായ പൂക്കാലം വരവായി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ചിത്രത്തിലെ അനേകം ബാലതാരങ്ങളിലൊരാളായാണ് ദിവ്യയും വേഷമിട്ടത്.
തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും ദിവ്യ അഭിനയിച്ചിരുന്നു. ഉസ്താദ് എന്ന ചിത്രത്തില്‍ സഹോദരിയായും വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ നായികയായും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും നമ്മളോര്‍ത്തിരിക്കുന്നുണ്ട്.