ലോകമെമ്പാടും 22,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു, ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ജനീവ: കോവിഡ് 19 പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെടുന്നു. 22,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഏപ്രില്‍ എട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 22,073 ആരോഗ്യ പ്രവര്‍ത്തകരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതില്‍ കൃത്യമായ വിവരങ്ങള്‍ രാജ്യങ്ങള്‍ നല്‍കുന്നില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നോ അല്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ നിന്നോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

പെഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ രോഗികളെ പരിചരിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.