ഷാളിട്ട് മൂടി കാമുകനൊപ്പം കറങ്ങാമെന്നിനി കരുതേണ്ട, പിന്നാലെ ഷാഡോ പൊലീസ് വരും

ക്ലാസ് കട്ട് ചെയ്യിപ്പിച്ചു ഫ്രീക്കൻ കാമുകന്മാർക്കൊപ്പം ചുറ്റിക്കറങ്ങാൻ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾക്കും ഇവരെ തിരിച്ചറിയാത്തവിധം തലയിൽ ഷാളിട്ട് മൂടിയും ഹെൽമെറ്റ് ധരിപ്പിച്ചും ബൈക്കിൽ ചുറ്റാൻ കൊണ്ടുപോകുന്ന വിരുതന്മാർക്കും കേരളാപോലീസിന്റെ മുട്ടൻ പണി വരുകയാണ്. സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കാനിരിക്കെയാണ് സ്‌കൂൾകുട്ടികളെ കെണിയിലാക്കാൻ പദ്ധിതിയിടുന്ന ലഹരിമാഫിയകൾക്കും പെൺകുട്ടികളെ വലയിൽ വീഴ്ത്താൻ സൂപ്പർ ബൈക്കുകളിൽ കറങ്ങുന്ന ഫ്രീക്കൻ കാമുകന്മാരെയും പൂട്ടാൻ ഷാഡോ പൊലീസ് ഇറങ്ങിയിരിക്കുന്നത്.

ഇത്തരം പ്രവർത്തികളിൽ ചെന്ന് ചാടി ഷാഡോ പൊലീസിന്റെ കയ്യിൽ പെട്ടാൽ കാലിൽ വീണു മാപ്പു പറഞ്ഞു തടിയൂരാം എന്ന് ഈ വിരുതന്മാരും പെൺകുട്ടികളും കരുതണ്ട. കാരണം നിങ്ങളെ പിടികൂടുന്ന തൊട്ട് അടുത്ത നിമിഷം അവർ ഈ വിവരം നിങ്ങളുടെ വേണ്ടപ്പെട്ടവരെ അറിയിച്ചിരിക്കും. ലഹരിവിപത്തിൽ നിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാക്കാൻ സർക്കാർ നീക്കം നടത്തുന്നത്.

ഇതിനോട് അനുബന്ധിച്ചു സിറ്റി പൊലീസ് സ്കൂളുകളുടെയും പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും എസ്.എച്ച്.ഒ മാർ ഓരോ വിദ്യാലയത്തിലേയും പ്രഥമ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളെയും നേരിൽ കണ്ട് ലഹരിമാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുട്ടികളുടെ വിവരം ശേഖരിക്കും. ഇവരെ സ്കൂൾ തുറക്കുന്നതിന് മുമ്പും പിമ്പും രഹസ്യമായി നിരീക്ഷികാണാന് പരിപാടി.

സ്കൂളിലേയ്ക്കും തിരികെയുമുള്ള വഴികളിൽ ഇവരുടെ ചങ്ങാത്തവും കൂട്ടുകെട്ടും പൊലീസിന്റെ ചാരക്കണ്ണുകൾ പിന്തുടരും. ക്ളാസ് കട്ട് ചെയ്ത് കറങ്ങാനിറങ്ങുന്ന കുട്ടികളെയും ഇനി മുതൽ കൈയോടെ പൊക്കാനാണ് പദ്ധതി. ക്ളാസുകളിലെ ഹാജർ ദിവസവും വിലയിരുത്തി ക്ളാസിലെത്താതിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സ്കൂൾ അധികൃതരും പൊലീസും ബന്ധപ്പെടും. വീട്ടുകാരുടെ അറിവോടെയല്ല കുട്ടി സ്കൂളിലെത്താതിരുന്നതെങ്കിൽ കുട്ടി എവിടെയായിരുന്നു വെന്നും ആരാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നുമുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ പോക്സോ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും.

സ്കൂൾ – കോളേജ് പരിസരങ്ങളിലെ ക്യാമറകൾ പ്രത്യേകമായി നിരീക്ഷിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ എസ്.എച്ച്.ഒ മാർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടികളെ തിരിച്ചറിയാത്തവിധം തലയിൽ ഷാളിട്ട് മൂടിയും ഹെൽമെറ്റ് ധരിപ്പിച്ചും ബൈക്കിൽ ചുറ്റാൻ കൊണ്ടുപോകുന്ന വിരുതന്മാരുടെ വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കും. ഇത്തരം വാഹനങ്ങളുടെ നമ്പർ ശേഖരിച്ചശേഷം ബൈക്ക് ഉപയോഗിച്ച ആളെപ്പറ്റിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ അവരുടെ വീട്ടുകാരുടെ അറിവോടെയല്ല കൂട്ടിക്കൊണ്ടുപോയതെങ്കിൽ അത്തരം വാഹനങ്ങൾ പിടിച്ചെടുക്കുകയും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളാനുമാണ് തീരുമാനം. എക്സൈസ്, എസ്.പി.സി, സ്കൂളുകളിലെ നാർക്കോ ക്ളബ്ബുകൾ തുടങ്ങിയവയുടെ സഹകരണവും ഇത്തരം നടപടികൾക്ക് ഉറപ്പാക്കും. അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ റസി. അസോസിയേഷനുകളുടെ യോഗം വിളിച്ച് അവരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാനും നീക്കമുണ്ട്.