ഭര്‍ത്താവിന്റെ സംശയം തീരാനായി ഞാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ചു; ഡോക്ടറുടെ കുറിപ്പ്

ഗൗരവമേറിയ ഒരു മനോരോഗമാണ് സംശയരോഗം. നമ്മുടെ സമൂഹത്തില്‍ 10,000 പേരില്‍ മൂന്ന് പേര്‍ക്കെങ്കിലും ഈ ഒരു അസുഖം ഉള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും ഗുരുതരം സംശയരോഗം തന്നെയാണ്. സംശയരോഗം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുന്നു. പ്രത്യേകിച്ചും ഭാര്യാ ഭര്‍ത്താക്കന്മാരുടെ ദാമ്പത്യബന്ധത്തില്‍. പരസ്പരം അങ്ങനെയുണ്ടായാല്‍ ജീവിതം തന്നെ തകര്‍ച്ചയില്‍ എത്താന്‍ അധികനേരം വേണ്ട. വിശ്വാസമാണ് എല്ലാം. അത് തകരാന്‍ ഇടവരുത്തരുത്. ജീവിതത്തിന് പരസ്പര സ്‌നേഹവും വിശ്വാസവും സഹവര്‍ത്തിത്വവും അനിവാര്യമാണ്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കാം. ചികിത്സയോട് വിമുഖത കാണിക്കാന്‍ പല കാരണങ്ങളും ആളുകള്‍ പറയാറുണ്ട്. ഈ വിഷയത്തെപ്പറ്റി ഡോക്ടര്‍ സി ജെ ജോണ്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഡോ. സി ജെ ജോണ്‍ എഴുതിയ കുറിപ്പ് വായിക്കാം;

ഭര്‍ത്താവിന്റെ സംശയം തീരാന്‍ ഞാന്‍ സ്മാര്‍ട്ട് ഫോണും വാട്സാപ്പുമൊക്കെ ഉപേക്ഷിച്ചു. നെറ്റും കമ്പ്യൂട്ടറും വേണ്ടെന്ന് വച്ചു. അങ്ങേരുടെ കൂടെയല്ലാതെ ഒറ്റക്ക് പോകാറില്ല. എന്നിട്ടും സംശയം തീരുന്നില്ല. ഓരോ പുതിയ കാര്യം പൊക്കി കൊണ്ട് വന്ന് സ്വൈര്യം കെടുത്തുന്നു. എന്താ ചെയ്യേണ്ടതെന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളൂ. ചികിത്സ. എങ്ങനെ വരുത്തുമെന്ന് ചോദിച്ചാല്‍ കുഴയും. ബന്ധത്തില്‍ സ്നേഹം ബാക്കിയുണ്ടെങ്കില്‍ അത് ഉപയോഗിച്ച്‌ പ്രേരിപ്പിക്കണം. സംശയക്കാരെ സഹകരിപ്പിക്കാനും ചികില്‍സിക്കാനും നല്ല ബുദ്ധിമുട്ടാണ്.

ഉപയോഗിക്കുന്ന മരുന്ന് തലച്ചോറിന് കേട് വരുത്തുമെന്നും മരുന്ന് കൊല്ലുമെന്നുമൊക്കെയുള്ള വര്‍ത്തമാനം ഇയാള്‍ ചികിത്സ എടുക്കുന്ന ഘട്ടത്തില്‍ കേട്ടാല്‍ എന്താകും ഫലം? അത് സിനിമയില്‍ കേട്ടാല്‍, അത് വിനോദസിനിമയല്ലേയെന്ന ലോജിക്ക് ഒന്നും പ്രയോഗിക്കില്ല. നൈസായി ചികിത്സയില്‍ നിന്ന് സ്‌കൂട്ടാകും.

രോഗത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ച കുറവുള്ള രോഗികള്‍, എങ്ങനെ ഇത്തരം സിനിമാ ഡയലോഗുകളെ കാണുമെന്ന് രോഗമുള്ളവരുമായി ഇടപെടാത്തവര്‍ മനസ്സിലാക്കണമെന്നില്ല. കാണുന്ന സിനിമകള്‍ ഉണ്ടാക്കാനിടയുള്ള വിപരീതഫലങ്ങളെ കുറിച്ച്‌ ഗവേഷണ ബുദ്ധിയോടെ വിലയിരുത്തുന്നവര്‍ സെന്‍സര്‍ ബോര്‍ഡില്‍ ഉണ്ടെങ്കില്‍ ഇതൊക്കെ ശ്രദ്ധിച്ചേക്കാം. ഉണ്ടാകാന്‍ വഴി ഇല്ല.