അജിത് ഡോവല്‍ കളത്തിലിറങ്ങി; ഡല്‍ഹി ശാന്തമാകുന്നു

അജിത് ഡോവല്‍ കളത്തിലിറങ്ങി ഡല്‍ഹി സാധാരണനിലയിലേക്ക്. കലാപ കലുഷിതമായ ഡല്‍ഹിയില്‍ സമാധാനം പുലര്‍ത്തുകയെന്ന ദൗത്യം അത്ര എളുപ്പമായിരുന്നില്ല എന്നാല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ രംഗത്ത് ഇറങ്ങിയതോടെ ഡല്‍ഹി ശാന്തമായി. ഡല്‍ഹിയില്‍ ുടലെടുത്ത അശാന്തി അമര്‍ച്ച ചെയ്യാനാകാതെ മുഖ്യമന്ത്രി കേജരിവാളും ഡല്‍ഹി പോലീസും നിസ്സഹായരായി നോക്കി നില്‍ക്കുമ്പോഴാണ് അജിത് ഡോവല്‍ ഡല്‍ഹിയില്‍ ഇറങ്ങുന്നതും പ്രതിഷേധക്കാരുമായി സംസാരിക്കുന്നതും. ഇതോടെ ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി മാറിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കാന്‍ ചുമതലപ്പെടുത്തിയത് അജിത് ഡോവലിനെയായിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം രണ്ടുതവണ അജിത് ഡോവല്‍ കലാപ മേഖലയിലെത്തി. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചു. സുരക്ഷ ഉറപ്പ് നല്‍കി. എല്ലാം ഒപ്പിയെടുക്കാന്‍ കാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു. ആദ്യത്തെ ഇടപെടല്‍ത്തന്നെ ഊര്‍ജിതമായി. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഡല്‍ഹി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ്. എന്നിട്ടും അജിത് ഡോവലിനെ മോദി നിര്‍ദേശിക്കുകയായിരുന്നു. ഡല്‍ഹിയില്‍ സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയതില്‍ ജനങ്ങള്‍ ഡോവലിന് നന്ദിയും അറിയിച്ചു.

ഞങ്ങള്‍ക്ക് ഈ സമാധാനം തിരിച്ചുകിട്ടിയത് അജിത് ഡോവലിന്റെ ഇടപെടലിലൂടെയാണെന്ന് ബ്രിജ്പുരി പ്രദേശവാസിയായ സുരേഷ് ചൗള പറയുന്നു. അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ മേഖലയില്‍ സുരക്ഷാസൈന്യത്തെ വിന്യസിച്ചതും സമാധാനം പുനസ്ഥാപിക്കാനായതും. കൈയില്‍ ആയുധവും ആസിഡും പെട്രോളുമായി നൂറുകണക്കിന് അക്രമികളാണ് എന്റെ വീടിനുമുന്നിലെത്തിയത്. ഞാനും മക്കളും വിവിധമതസ്ഥരായ അയല്‍ക്കാരുമുള്‍പ്പെടെ അവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാലും വീടിന് അവര്‍ തീയിട്ടതായി അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നാട്ടുകാര്‍ നന്ദിയറിയിച്ചു. ദിവസങ്ങളായി മുസ്തഫാബാദിലെ തെരുവില്‍ ഉടലെടുത്ത ഭീതിയുടെ നിഴല്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഇതിന് സാധാരണ ജനങ്ങള്‍ നന്ദിപറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനോടുമാണ്. കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് വിഹാറിന് സമീപ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രധാനമന്ത്രിക്കും സംഘത്തിനും നന്ദിരേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കാരണമാണ് ഞങ്ങളിന്ന് സമാധാനം ശ്വസിക്കുന്നത് എന്നാണ് പ്രതിഷേധത്തില്‍ അകപ്പെട്ടുപോയ സാധാരണക്കാര്‍ പറയുന്നത്.

എന്താണ് ഡല്‍ഹിയില്‍ നടന്നത് പൊടുന്നനെ കലാപത്തിന് തിരികൊളുത്തിയതാണ് ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. കരുതിക്കൂട്ടി നടത്തിയ കലാപമായിരുന്നു പിന്നില്‍ ആരായാലും നടപടി സ്വീകരിക്കുമെന്ന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കലാപത്തില്‍ ഒരു മതവിഭാഗത്തിലെ നേതാവിനോ രാഷ്ട്രീയ നേതാവിനോ പരിക്കേറ്റിട്ടില്ല. പരിക്കേറ്റവരും മരിച്ചവരും സാധാരണക്കാരാണ്. ഡല്‍ഹിയില്‍ ഭീതിപടര്‍ത്തുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂടി അരങ്ങേറിയ പ്രതിഷേധമാണെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഇരുട്ടിന്റെ മറവിലും പകല്‍ വെളിച്ചത്തിലും അരങ്ങേറിയ കലാപം ഡല്‍ഹിയെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്ത്. മനുഷ്യന്‍ മനുഷ്യനെ തന്നെ ഒരു ധാക്ഷണ്യവുമില്ലാതെ തല്ലുന്നു കൊല്ലുന്നു രാജ്യത്തിന് തന്നെ തീരാകളങ്കമായി മാറി ഡല്‍ഹിയിലെ കലാപം. കലാപത്തിന് പിന്നില്‍ ആരായിരുന്നു കലാപം എങ്ങനെ നടന്നു ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലയിടത്തും നടന്നു കൊണ്ടിരിക്കുകയാണ്. മതേതരത്വത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ആരാണ് കലാപം അഴിച്ചു വിടുന്നത്. മതേതരത്വം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അരങ്ങേറിയ ലഹളയാണിതെന്നും ആരോപണം ഉണ്ട്. രാജ്യതലസ്ഥാനം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി നോക്കി നില്‍ക്കാനെ മുഖ്യമന്ത്രി കേജരിവാളിന് സാധിച്ചുള്ളു. ഡല്‍ഹി പോലീസും നോക്കുകുത്തികളെ പോലെ നിന്നു. അക്രമികള്‍ അഴിഞ്ഞാടിയെന്നതാണ് സത്യം. കേന്ദ്രം ഇടപെടാതെ രക്ഷയില്ലെന്ന് വ്യക്തമായതോടെയാണ് അജിത് ഡോവല്‍ രംഗത്ത് ഇറങ്ങുന്നത്. എന്തായാലും ഡോവല്‍ ഇറങ്ങിയത് വെറുതെ ആയില്ല. ഡല്‍ഹിയില്‍ സമാധാനം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു.