പൂർണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെ ഓരോ യാത്രയും, സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവർണർ

ഭാരതീയർ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂർണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെന്ന് 77-ാം സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരർ എന്ന നിലയിൽ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ടും എല്ലാവർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്‌നിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. സ്വാതന്ത്രത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വയം പുന: സമർപ്പിച്ചുകൊണ്ട് ആ ദേശസ്‌നേഹികളെ നമുക്ക് സാദരം ഓർക്കാം. ഗവർണർ ആശംസിച്ചു.

സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുന്നതോടെ കേരളത്തിലെ ആഘോഷങ്ങൾക്ക് തുടക്കമാകും.

വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, കറക്ഷനൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും.