വിടാതെ ഇ.ഡി, കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി : തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടതില്ലായെന്ന സിം​ഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി ഡിവിഷൻ ബ‌ഞ്ച് വെള്ളിയാഴ്ച തന്നെ പരി​ഗണിക്കണമെന്നാണ് ആവശ്യം. വേനലവധിക്ക് കോടതി പിരിയാനിരിക്കുമ്പോഴാണ് ഇഡി അപ്പീൽ നൽകിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ ചോദ്യംചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐസക്കിന് ഇളവ് നൽകിയത് തെറ്റായ നടപടിയാണെന്ന് ഇഡി ആരോപിച്ചു.

മസാല ബോണ്ടുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതിനെതിരെ മുൻമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിലായിരുന്നു കോടതി നിർദ്ദേശം. ഇ.ഡി സമർപ്പിച്ച ഫയലുകളിലൂടെ താൻ കടന്നു പോയെന്നും ഈ ഘട്ടത്തിൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദീകരണം തേടുന്നതു നേരിട്ടു വിളിപ്പിച്ചു വേണോ രേഖാമൂലം മതിയോ എന്നൊക്കെ പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും വ്യക്തമാക്കി. ഹർജികൾ മേയ് 22നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇ.ഡി അപ്പീൽ നൽകിയത്.