അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന പൂര്‍ത്തിയായി

തൃശൂര്‍. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി നടത്തിയ പരിശോധന നീണ്ട് നിന്നത് 25 മണിക്കൂര്‍. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പരിശോധന പൂര്‍ത്തിയായത് ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ്. ഇഡി എട്ടിടത്താണ് പരിശോധന നടത്തിയത്. സിപിഎം നേതാവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കും കുരിയച്ചിറയിലെ ജ്വല്ലറിയും ഇഡി പരിശോധന നടത്തി.

അതേസമയം ഇഡി ശേഖരിച്ച തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തുവാനും പരിശോധിച്ച് ഉറപ്പാക്കുവനുമാണ് പരിശോധന എന്നാണ് വിവരം. അതേസമയം എസി മൊയ്തീന്‍ ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. കേസില്‍ ഇഡി കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യും എന്നാണ് വിവരം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അക്കൗണ്ടിലൂടെ 500 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായി സൂചനയുണ്ട്.

പലവഴിയിലൂടെയും സതീഷിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നും ഇയാള്‍ ബെനാമി മാത്രമാണെന്നുമാണ് ഇഡിയുടെ വിലയിരുത്തല്‍. വിദേശ അക്കൗണ്ടുകളില്‍ നിന്നും എത്തിയ പണത്തിന് പുറമെ നേതാക്കളുടെയും വന്‍കിട അനധികൃത ഇടപാടുകളിലൂടെയും സമ്പാധിച്ച പണവും സതീഷിന്റെ അക്കൗണ്ടിലേക്ക് എത്തി. തുടര്‍ന്ന് സതീഷ് കാഷ് ഡിപ്പോസിറ്റായി പല ബാങ്കുകളിലും നിക്ഷേപം നടത്തി. സഹകരണ ബാങ്കിലുടെ വെളിപ്പിച്ചെടുത്ത പണം മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക നല്‍കുകയായിരുന്നു.