മണിമലയില്‍ നിന്ന് ഒഴുക്കില്‍പെട്ട് 68കാരി ഒഴുകി എത്തിയത് തിരുവല്ലയില്‍, ഓമനയ്ക്ക് ഇത് പുതുജന്മം

തിരുവല്ല: മഴ ശക്തമായതോടെ മണിമലയാറില്‍ വെള്ളം കുത്തിയൊഴുകുകയായിരുന്നു. ഇതിനിടയിലാണ് ഓമന എന്ന് അമ്മ ഒഴുക്കില്‍ പെട്ടത്. അമ്പതില്‍ അധികം കിലോമീറ്റര്‍ ആ കുത്തൊഴുക്കില്‍ ഓമന ഒഴുകി. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കിടക്കാന്‍ മുറിയിലേക്ക് പോയതാണ് മണിമല തൊട്ടിയില്‍ വീട്ടില്‍ ഓമനയും(68) മകന്‍ രാജേഷും. രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ രാജേഷ് അമ്മയെ കണ്ടില്ല. വീട്ടിലും പരിസരത്തും നോക്കിയ ശേഷം മണിമല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് വീട്ടില്‍ എത്തി അന്വേഷണം നടത്തി മടങ്ങുകയും ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നും ഫോണ്‍ എത്തി. ഓമന ആശുപത്രിയില്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു.

പുലര്‍ച്ചെ ഉറക്കമുണര്‍ന്ന ഓമന മണിമലയാറ്റിലെ കുറ്റിപ്പുറത്ത് കടവില്‍ കുളിക്കാന്‍ പോയതായിരുന്നു. എന്നാല്‍ കടവില്‍ വീണു പോവുകയായിരുന്നു അമ്മയെന്ന് രാജേഷ് പറയുന്നു. ആറിന്റെ തീരത്ത് വീടുള്ള ഓമനയ്ക്ക് നന്നായി നീന്തല്‍ അറിയാവുന്ന ആളാണ്. എന്നും രാവിലെ ആറ്റിലാണ് കുളിക്കുന്നത്. ആറ്റില്‍ കുളിക്കുന്നതിനിടെ തുണി കഴുകുകയായിരുന്നു. ഈ സമയം ഓമന കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു എന്ന് ഓമന രാജേഷിനോട് പറഞ്ഞു. ആറ്റില്‍ കിടന്ന മുളയില്‍ തലയടിച്ചാണ് വീണത്. ഒഴുക്കില്‍ പെട്ടതോടെ ഈ മുളങ്കമ്പില്‍ പിടിച്ചു കിടന്നു.

കുറ്റൂര്‍ റെയില്‍വേ പാലത്തില്‍ നിന്നും നോക്കിയവരാണ് കലങ്ങി കുത്തി ഒഴുകുന്ന പുഴയില്‍ ഒരു വൃദ്ധ ഒഴുകി എത്തുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. വള്ളക്കാരെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ് കുറ്റൂര്‍ തയ്യില്‍പള്ളത്ത് വര്‍ഗീസ് മത്തായി എന്ന റെജിയും പിതൃസഹോദരന്‍ ജോയിയും വള്ളവുമായി തോണ്ടറക്കടവിലിറങ്ങി. അപ്പോഴേക്കും ഓമന പാലത്തിന് സമീപം ഒഴുകി എത്തിയിരുന്നു. തപുടര്‍ന്ന് റെജിയും ജോയിയും നൂറ് മീറ്ററോളം വള്ളം തുഴഞ്ഞാണ് ഓമനയ്ക്ക് അരികില്‍ എത്തിയത്.

തുടര്‍ന്ന് വള്ളത്തില്‍ പിടിച്ച് കയറ്റിയപ്പോള്‍ ഓമനയ്ക്ക് ജീവനുണ്ടെന്ന് മനസിലായി. ഉടന്‍ തന്നെ ഓട്ടോയില്‍ കയറ്റി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം മയക്കത്തിലായിരുന്നു ഓമന. ആശുപത്രിയില്‍ എത്തി അരമണിക്കൂറിനകം ബോധം വന്നു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കി. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഓമന അപകടനില തരണം ചെയ്തു. തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ടെന്നും മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഡോ. പി.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. പുതുജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ഓമന.