നിർത്തിയിട്ട ലോറിയിൽ നിന്നും ആന ഇറങ്ങിയോടി, ഒരാൾക്ക് പരിക്ക്

പാലക്കാട് : നിർത്തിയിട്ട ലോറിയിൽ നിന്നും ആന ഇറങ്ങിയോടി. ആനയെ പട്ടാമ്പി നേർച്ചയ്‌ക്ക് ശേഷം തിരിച്ച് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം. ഇന്ന് പുലർച്ചയോടെയാണ് മുത്തു എന്ന ആന വിരണ്ടോടിയത്. വാഹനത്തിൽ നിന്നും ഇറങ്ങിയോടിയ ആന പ്രദേശത്ത് പരിഭ്രാന്തി പരത്തി.

വിരണ്ടിടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. പ്രദേശത്തെ കടകൾ തകർത്തതായും പശുക്കൾ ചവിട്ടേറ്റ് ചത്തതായും നാട്ടുകാർ പറഞ്ഞു. നിലവിൽ പട്ടാമ്പിയിൽ നിന്നും 5 കിലോമീറ്റർ അകലെയുള്ള സ്ഥലത്തെ ഒരു പറമ്പിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ആന വിരണ്ടോടാനുള്ള സാഹചര്യം വ്യക്തമല്ലെന്ന് പാപ്പാൻ പറഞ്ഞു. ജനവാസമേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന ആനയെ ഇതുവരെയും തളയ്‌ക്കാൻ സാധിച്ചിട്ടില്ല. ശ്രമം തുടരുകയാണ്.