ഹസൻകുട്ടി മറ്റൊരു കുട്ടിയേയും ലക്ഷ്യം വച്ചിരുന്നു, കുട്ടി ഉറക്കമുണർന്ന് കരഞ്ഞതോടെ പദ്ധതി പാളി

തിരുവനന്തപുരം : ഫെബ്രുവരി 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഒരു മാസത്തിനുള്ളിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

പ്രതി ഹസൻകുട്ടി മുമ്പ് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. കൊല്ലം പോളയത്തോട് വഴിയരികിൽ കിടന്നുറങ്ങിയ നാടോടി പെൺകുട്ടിയെ തട്ടിയെടുക്കാനാണ് പ്രതി ശ്രമിച്ചത്. കുട്ടി ഉറക്കമുണർന്ന് കരഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഇതിനിടയിൽ കയറിൽ തട്ടി താഴെ വീഴുകയുമായിരുന്നു. പിന്നാലെ നാടോടികൾ ഇയാളെ മർദ്ദിച്ച് വിട്ടയച്ചു.

നാടോടികളുടെ കുട്ടികളെയാണ് ഇയാൾ ഉപദ്രവിക്കാനായി ലക്ഷ്യമിട്ടിരുന്നത്. ഇവർ പോലീസിൽ പരാതി നൽകാത്തതുകൊണ്ടാണ് നാടോടി കുട്ടികളെ മാത്രം ലക്ഷ്യം വക്കുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് എത്തിപ്പോഴാണ് പ്രതി വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ കണ്ടത്. ഇതോടെ കുട്ടിയെ ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ലൈംഗികാതിക്രമ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.