മാര്‍ച്ച് ഏഴിന് ഹാജരാകണം ; സി.എം. രവീന്ദ്രന് വീണ്ടും നോട്ടീസയച്ച് ഇ.ഡി

കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. മാര്‍ച്ച് ഏഴിന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഫെബ്രുവരി 27-ന് ഹാജരാകാൻ മുൻപ് നിർദേശിച്ചിരുന്നെകിലും രവീന്ദ്രൻ ഹാജരായില്ല. ഔദ്യോഗിക തിരക്കുകള്‍ കാരണം ഹാജരാകാൻ കഴില്ലെന്നാണ് രവീന്ദ്രൻ വിശദീകരണം നൽകിയത്

എന്നാൽ ഹാജരാകാൻ രണ്ടാമതും നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ചോദ്യംചെയ്യലിന് സി.എം. രവീന്ദ്രന്‍ എത്തേണ്ടിവരും. അല്ലാത്തപക്ഷം ഇ.ഡിക്ക് കോടതിയെ സമീപിച്ച് വാറന്റ് നേടിയെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാൻ കഴിയും.

ഫെബ്രുവരി 27-ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രവീന്ദ്രന്‍ ഇ.ഡിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നത്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോളും രവീന്ദ്രന്‍ പലവട്ടം ഹാജരായിരുന്നില്ല.