എംസി കമറുദ്ദീനെതിരെ അന്വേഷണ സംഘം 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീനെതിരെ അന്വേഷണ സംഘം ഇതുവരെ 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അന്വേഷസംഘം കമറുദീന്റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. കീഴടങ്ങാന്‍ ശ്രമിക്കാതെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം.

നിലവില്‍ 128 ഓളം കേസുകളാണ് എംസി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും 2016ല്‍ നിക്ഷേപിച്ച ആറുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് തൃക്കരിപ്പൂര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്. എം.സി.കമറുദീന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയും പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അതിനിടെ എട്ടാം ദിവസവും ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഒളിവില്‍ തുടരുകയാണ്.

കേസില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജി കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് കോടതി തള്ളിയിരുന്നു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറി തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ മുഖ്യ സൂത്രധാരനെന്നും എംഎല്‍എ തന്റെ രാഷ്ട്രീയ സ്വാധീനം തട്ടിപ്പിന് ഉപയോഗിച്ചു എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കൂടാതെ നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരില്‍ ഭൂമി വാങ്ങിക്കുകയും ചെയ്തിരുന്നുവെന്നും, വഞ്ചനാക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദീന്റെ വാദം. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിനു രൂപ എംഎല്‍എയും കൂട്ടരും തട്ടിയെടുത്തെന്നാണ് കേസ്.