ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും മുറിപ്പെടുത്തിയതും വെറുതെ അല്ല ഇങ്ങനെ ഇരുന്ന് പോയത് എന്ന വാചകമാണ്, ഫാത്തിമ അസ്ല പറയുന്നു

ജീവിതത്തോട് പടവെട്ടി ഡോക്ടറായ യുവതിയാണ് ഫാത്തിമ അസ്ല. എല്ലുകള്‍ പൊടിയുന്ന അപൂര്‍വ രോഗം വീല്‍ ചെയറിലാക്കി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മറികടന്നായിരുന്നു ഫാത്തിമ ഡോക്ടര്‍ പട്ടം നേടിയത്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് യുവതി. ഇപ്പോള്‍ ഫാത്തിമ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും മുറിപ്പെടുത്തിയതും ‘വെറുതെ അല്ല ഇങ്ങനെ ഇരുന്ന് പോയത്’ എന്ന വാചകമാണെന്ന് ഫാത്തിമ പറയുന്നു.

ഫാത്തിമയുടെ വാക്കുകളിങ്ങനെ, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും മുറിപ്പെടുത്തിയതും ‘വെറുതെ അല്ല ഇങ്ങനെ ഇരുന്ന് പോയത്’ എന്ന വാചകമാണ് എന്ന് തോന്നുന്നു.. കുഞ്ഞായപ്പോള്‍ തൊട്ടേ കേട്ട് തുടങ്ങിയിട്ടും ഇപ്പോഴും ആദ്യം കേള്‍ക്കുന്ന അതേ സങ്കടത്തോടെ, വേദനയോടെ അതെന്നെ ബാധിക്കാറുണ്ട്… ‘നിരങ്ങി നടക്കാന്‍ പോലും പറ്റാഞ്ഞിട്ടും ഇത്രയും അഹങ്കാരം, നീയൊക്കെ എഴുന്നേറ്റു നടന്നിരുന്നേല്‍ എന്തായേനെ..

‘എന്നത് പോലെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ഉറക്കം കെടുത്തുന്നു.. അഭിപ്രായം പറയുമ്പോഴും ഇഷ്ട്ടപ്പെടാത്ത കല്യാണം വേണ്ടന്ന് പറഞ്ഞപ്പോഴും ‘വെറുതെ അല്ല കുതിരക്ക് കൊമ്പ് കൊടുക്കാഞ്ഞത് ‘ എന്ന് പറഞ്ഞ് എത്ര വേഗത്തിലാണ് ഞാന്‍ എന്ന വ്യക്തിയെ, എന്റെ തീരുമാനങ്ങളെ, ആശയങ്ങളെ സമൂഹം ചോദ്യം ചെയ്തത്? !

Disabled ആയത് കൊണ്ട് അഭിപ്രായം പറയുന്നതിന്, തിരഞ്ഞെടുക്കുന്നതിന്, പ്രതികരിക്കുന്നതിന് പരിധി ഉണ്ടെന്ന് എത്ര മനോഹരമായാണ് വരുത്തി തീര്‍ത്തത്? , ആരൊക്കെയോ കാണിച്ച ഔദാര്യം കൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നും ജീവിതം കടപ്പാടിന്റെ മേല്‍ തുലക്കണം എന്നും എത്ര ക്രൂരമായാണ് എന്നെ ഓര്‍മിപ്പിക്കുന്നത്? !നിങ്ങള്‍ക്ക് എന്നെ വേദനിപ്പിക്കാം, വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാം, പക്ഷെ, തളര്‍ന്ന് തരണോ മുന്നോട്ട് പോവണോ എന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്ന് ആയിരിക്കും..!