ബോണ്ട എന്നാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്, വയറിത്തിരി കൂടിയതിന്റെ പേരിൽ എത്രമാസമായെന്ന് ചോദിക്കുന്നവരുണ്ട്

ബോഡി ഷെയിമിം​ഗ് അനുഭവിക്കുന്നവർ നിരവധിയാണ്. വണ്ണം കൂടിയതിന്റെ പേരിൽ, കുറഞ്ഞതിന്റെ പരിൽ‌. കറുത്തതിന്റെ പേരിൽ വെളുത്തതിന്റെ പേരിലെല്ലാം കളിയാക്കലുകളേൽക്കുന്നവർ നിരവധിയാണ്. ജോയിഷ് ജോസ് എന്ന യുവാവ് ബോഡി ഷെയ്മിം​ഗുമായി ബന്ധപ്പെട്ടെഴുതിയ കുറിപ്പ് ചർച്ചയാവുകയാണ്. വണ്ണം കൂടിയതിന്റെ പേരിൽ വയറ് ചാടിയതിന്റെ പേരിലൊക്കെ താനനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് യുവാവ് തുറന്നുപറയുന്നത്

സ്കൂളിൽ പഠിക്കുമ്പോൾ പൊക്കകുറവായിരുന്നതു കൊണ്ടും അപ്പൻറെ ചായക്കടയിലെ സ്ഥിരം പലഹാരം ബോണ്ടയായിരുന്നതുകൊണ്ടും ഏറ്റവും കൂടുതൽ ബോഡിഷേയിമിംഗ് അനുഭവിച്ചരാളാണ് ഞാൻ. അന്നെൻറെ ഇരട്ടപ്പേര് ബോണ്ടയെന്നായിരുന്നു. അപൂർവ്വമായി കാണുന്ന ചില ബാല്യകാല സുഹൃത്തുക്കെളെങ്കിലും ഇന്നും ബോണ്ടയെന്നാണ് വിളിക്കുക.വയറിത്തിരി കൂടിയതിൻറെ പേരിൽ ഇതെത്രാമാസമാണന്നും ഡേറ്റ് എന്നാണെന്നും ചിലർ തമാശയായി ചോദിക്കാറുണ്ട്.ഞാൻ ദിവസവും കിലോമീറ്ററുകൾ നടന്ന് വിയർത്തൊലിച്ച് ക്ഷീണിച്ചു വരുന്ന സമയത്താണ് ഈ ചോദ്യ ചോദിക്കുന്നത് തീർന്നില്ലേ,പാടുപെട്ട് പണിതുയർത്തിയ ആത്മവിശ്വാസത്തിന്റെ കോട്ട ഇടിച്ചുതരിപ്പണമാകാൻ.

ഇന്ന് പല കുട്ടികളും കളിയാക്കലുകളും അപമാനവും ഭയന്ന് ആത്മഹത്യചെയ്യുന്ന വാർത്തകൾ കേൾക്കുമ്പോൾ എൻറെ ബാല്യമാണ് ഓർമ്മയിൽ വരുന്നത്.അന്ന് ഒരുപാട് വേദനയും അപമാനവും തോന്നിയിട്ടുണ്ട് ചിലപ്പോൾ ആത്മഹത്യവരെ ചെയ്യാനും.അതിനെ എങ്ങനെ അതിജീവിച്ചുവെന്ന് എനിക്കിപ്പോളും അറിയില്ല.ഒരു കാര്യം തീർച്ചയാണ് ഇന്നും ഒരു പാട് കുട്ടികൾ ആ വേദനയിലൂടെ കടന്ന് പോകുന്നുണ്ട് .ബോഡി ഷെയിമിങ് എന്ന വാക്ക് മലയാളിക്ക് പുതിയതാണ്. പക്ഷേ, എത്രയോ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ പരിഹസിക്കപ്പെടുന്നു. അതിന് ചാന്തുപൊട്ടും സൗണ്ട് തോമയും പോലുള്ള സിനിമകൾ വഹിക്കുന്ന പങ്കും ചില്ലറയല്ല.

ബോഡി ഷെയ്മിങ് എന്നത് ഗുരുതര രോഗം പോലെ ചിലരെ ബാധിച്ചേക്കും. ഒരാളുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും തകർക്കും. എവിടെയും പരിഹസിക്കപ്പെടുമെന്ന ഭയം കാരണം സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും. അപകർഷതാ ബോധത്തിലേക്കും അതുവഴി നിരാശയിലേക്കും ആത്മഹത്യയിലേക്കും ഒരുവനെ കൊണ്ട് ചെന്നെത്തിക്കും.ദയവ് ചെയ്ത് ശരീരവും സൗന്ദര്യവുമായി ബന്ധപ്പെട്ട നെഗറ്റീവ് പരാമർശങ്ങൾ അടുത്ത സുഹൃത്തുക്കളോടു പോലും നടത്താതിരിക്കുക. അതുപോലെ തന്നെ അവഗണനകളെ. അപഹസിക്കലുകളെ അതിജീവിക്കാൻ കുട്ടികൾക്ക് തക്ക മാനസിക ബലം വിദ്യാഭ്യാസത്തിനൊപ്പം നല്കേണ്ടതുണ്ട്.