ആ ആളിനെ നേര്‍ക്ക് നോക്കാന്‍ പറ്റില്ല, വല്ലാത്ത വിറയല്‍ പടരും, ഒന്ന് നിന്നേ എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു

പഴയകാല ആണ്‍ പെണ്‍ സൗഹൃദങ്ങളേക്കാള്‍ ഈ കാലഘട്ടത്തെ സൗഹൃദങ്ങള്‍ക്ക് ഏറെ വ്യത്യാസമുണ്ട്. ആണ്‍ പെണ്‍ വേര്‍ തിരിവില്ലാതെ സൗഹൃദം പങ്കുവയ്ക്കുന്ന കുട്ടികളാണ് ഇപ്പോള്‍ എല്ലാ ക്യാമ്പസുകളിലുമുള്ളത്. ലിംഗത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ സൗഹൃദം അവര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു മുന്‍കാലത്തെ ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ എന്ന് പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍.

കല മോഹന്റെ കുറിപ്പ് ഇങ്ങനെ;

എനിക്കിപ്പോഴത്തെ കുഞ്ഞുങ്ങളുടെ ആണ്‍പെണ്‍ സൗഹൃദം കാണാന്‍ ഭയങ്കര ഇഷ്ടമാണ്. കൊറോണ കാലത്ത് കുട്ടികളില്ലാത്ത ക്യാമ്പസിലൂടെ നടക്കുമ്പോള്‍ വല്ലാത്ത നോവും ആണ്. ഡാ, കോപ്പേ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ചെക്കന്റെ തോളത്ത് കൈയിട്ടു പറയുന്ന പെണ്‍ രീതിയില് മാറ്റം ഉണ്ടായത് എന്റെ മുന്നിലൂടെ ആണ്. ഒന്നിച്ചിരുന്നു സംസാരിക്കുമ്പോള്‍ അവര്‍ക്കിടയിലെ സംഭാഷണത്തിന്റെ മറയില്ലായ്മ ആരോഗ്യപകരമായ പല ചര്‍ച്ചകള്‍ക്കും സഹായകമാകാറുണ്ട്. കാമത്തിന്റെ കണ്ണില്ലാതെ തന്നെ ഒരു പെണ്ണിനെ കൈകോര്ത്തു നടക്കാമെന്ന് തെളിയിക്കുന്ന ചെക്കന്‍ കൂട്ടങ്ങള്‍. എന്തൊരു ഓളമാണ്. ആരവമാണ് അവരുണ്ടാക്കിയിരുന്നത്..

പക്ഷെ, ഞാന്‍ ഓര്‍ക്കാറുണ്ട്. ഒരുപാട് പുറകോട്ട് പോകുമ്പോള്‍ ഒരു പാട്ടുപാവാടക്കാരി. രണ്ടായി മുടി മെടഞ്ഞിട്ട്, നിറച്ചും കുപ്പിവളകള്‍ ഇട്ടൊരു പെണ്ണ്. പാദസ്വരത്തിന്റെ കിലുക്കം ഉള്ള നടപ്പ്. ബുക്ക് നെഞ്ചോടു ചേര്‍ത്ത് അങ്ങനെ നടക്കുമ്പോള്‍, കൂട്ടുകാരികള്‍ പറയും. ദേ, വരുന്നുണ്ട് കേട്ടോ പിന്നാലെ. ആ പറച്ചിലില്‍ ഉയര്‍ന്നു പോകുന്ന നെഞ്ചിടിപ്പ്. അടുത്തെത്തുമ്പോള്‍ മുഴങ്ങുന്ന സൈക്കിള്‍ ബെല്‍. മുന്നോട്ട് പോയിട്ട്, സൈക്കിള്‍ ഒന്ന് നിര്‍ത്തി തിരിഞ്ഞു നോക്കി, പിന്നെയും തിരിച്ചെത്തുന്ന ആ ആളിനെ നേര്‍ക്ക് നോക്കാന്‍ പറ്റില്ല. വല്ലാത്ത വിറയല്‍ പടരും. ഒന്ന് നിന്നേ എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു. നീ സംസാരിച്ചിട്ട് വായോ എന്നും പറഞ്ഞു നടന്നകലുന്ന കൂട്ടുകാരികള്‍.

എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞാല്‍ മറുപടി പറയാന്‍ നാവു പൊന്തുന്നില്ലല്ലോ. ഒടുവില്‍ കണ്ണ് നിറഞ്ഞു തുടങ്ങും, അത് ഇഷ്ടത്തിന്റെയോ ഇഷ്ടക്കേടിന്റെയോ അല്ല. അതിന് ഇടയ്ക്ക് നില്‍ക്കുന്ന ഒന്നാണ്. അല്ല എന്ന് പറഞ്ഞാല്‍ അത് മനഃസാക്ഷിയോട് ചെയ്യുന്ന തെറ്റാകും. ആണ് എന്ന് പറയാനും വയ്യല്ലോ. വേണ്ട, ഒന്നും വേണ്ട. എനിക്കൊന്നും പറയാനില്ല എന്നെങ്ങനെയോ പറഞ്ഞിട്ട് കൂട്ടുകാരികള്‍ക്കൊപ്പം നടന്നെത്തുന്ന പാദസ്വര കിലുക്കത്തെ മറികടന്നു ആ സൈക്കിള്‍ പായും. മുടിയില്‍ നിന്നും എവിടെയോ വീണു പോയ മുല്ലപ്പൂ മാല എങ്ങനെ അവന്റെ കയ്യിലെത്തി എന്ന് ഓര്‍ത്തു ഉറങ്ങുന്ന രാവുകള്‍.

എന്തൊരു മാറ്റമാണ് പ്രണയകാലങ്ങള്‍ക്ക്. ഇഷ്ടമാണെന്ന് ഡേറ്റിംഗിലൂടെ തിരിച്ചറിയുന്നു ഇന്നത്തെ പിള്ളേര്‍. ഒത്തു പോകാന്‍ പറ്റില്ല എങ്കില്‍ തുറന്നു പറഞ്ഞിട്ട്, വീണ്ടും ചങ്ക് ആയി തുടരാം എന്ന തീരുമാനം. മാറ്റങ്ങള്‍. മാറ്റങ്ങള്‍ക്ക് മാത്രമാണല്ലോ മനോഹാരിത. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തന്നെ എനിക്ക് ഇഷ്ടമാണ്, i love you എന്നെഴുതി ഇടുന്ന തുണ്ട് കടലാസ്സ് ഉണ്ടാക്കിയ നെഞ്ചിടിപ്പിന്റെ താളമുണ്ട് ഇന്നും മറക്കാതെ. കാലം കഴിയും തോറും ഓര്‍മ്മകള്‍ക്ക് എന്തൊരു സുഖമാണല്ലേ !

https://www.facebook.com/kpalakasseril/posts/10158092784784340