നടന്‍ ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ നിര്‍ണായക നീക്കവുമായി ഫിയോക്ക്

നടന്‍ ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ നിര്‍ണായക നീക്കവുമായി ഫിയോക്ക്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും ഈ സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഭരണഘടന ഭേതദതിക്കാണ് ഫിയോക്ക് ഒരുങ്ങുന്നത്. 31ന് ചേരുന്ന ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.

2017ല്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നതോടെയാണ് തിയേറ്റര്‍ ഉടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് ദിലീപിന്റെ കാര്‍മികത്വത്തില്‍ രൂപം നല്‍കിയത്. ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിര്‍ത്തിയായിരുന്നു ഭരണഘടനയ്ക്ക് രൂപം നല്‍കിയതും.

ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭാരണഘടനയില്‍ എഴുതി ചേര്‍ത്തിരുന്നു. ഈ നിയമം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് ആയ വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്.