കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനിടെ സംഘർഷം, തിരുവഞ്ചൂർ വേദിയിലിരിക്കെ തമ്മിലടിച്ച് പ്രവർത്തകർ

കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനിടെ സംഘർഷം. കോൺഗ്രസ് പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു. പരിപാടിക്കിടെയിൽ ഒരു സംഘം പ്രവർത്തകർ ഡിസിസി പ്രസിഡന്റിനെ അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതേ തുടർന്നായിരുന്നായിരുന്നു സംഘർഷം തുടങ്ങിയത്. ഇതോടെ
അനുകൂലിക്കുന്നവരും എതിർക്കുന്നവരും രണ്ട് ചേരിയായി തിരിഞ്ഞ് വാക്കുതർക്കമായി. പിന്നാലെ കൂട്ടത്തല്ലായി.

കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ വേദിയിൽ ഇരുത്തികൊണ്ടാണ് പ്രവർത്തകർ തമ്മിലടിച്ചത്. യൂത്ത് കോൺഗ്രസിലും കെഎസ്‌യുവിലും ഗ്രൂപ്പ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. അതേസമയം യൂത്ത് കോൺഗ്രസ് പുനസംഘടനയ്ക്കുള്ള മാർഗ്ഗനിർദേശങ്ങളിൽ ആശങ്കയോടെ സംസ്ഥാന നേതാക്കൾ രംഗത്തെത്തി . ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന മൂന്നു പേരിൽനിന്ന് അഭിമുഖത്തിലൂടെയാകും പ്രസിഡണ്ടിനെ തീരുമാനിക്കുക എന്ന ചട്ടമാണ് അതൃപ്തിക്ക് കാരണം. പെട്ടെന്നുള്ള തീയതി പ്രഖ്യാപനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി അറിയിച്ചിട്ടുണ്ട്.

സമവായ നീക്കത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന നേതൃത്വവും കെപിസിസിയും. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. കൂടുതൽ വോട്ട് കിട്ടുന്നയാൾ പ്രസിഡണ്ട് ആകുന്ന പതിവ് രീതിക്ക് ഇക്കുറി മാറ്റവുമുണ്ട്. ആദ്യ മൂന്നു സ്ഥാനക്കാരെ അഭിമുഖം നടത്തി അതിൽ നിന്ന് പ്രസിഡന്റിനെ കണ്ടെത്തുന്നതാണ് പുതിയ മാർഗനിർദ്ദേശം