ഷാൻ ബാബുവിന്റെ കൊലപാതകം; അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തു: എസ് പി ഡി ശിൽപ

കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് എസ് പി ഡി ശിൽപ. ഷാൻ ബാബുവിന്റെ അമ്മയുടെ പരാതി ലഭിച്ചപ്പോൾ തന്നെ നടപടിയെടുത്തിരുന്നു. പരാതി ലഭിച്ച ഉടൻ വാഹന പരിശോധന തുടങ്ങുകയും അലേർട്ട് നൽകുകയും ചെയ്തു. മുഖ്യപ്രതി ജോമോൻ കെ ജോസിന്റെ വീട്ടിലും പൊലീസ് എത്തിയിരുന്നു. കേസിൽ പങ്കുള്ള അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നും എസ് പി ഡി ശിൽപ വ്യക്തമാക്കി. ഷാൻ ബാബുവിനെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ജോമോന്റെ കൂട്ടാളിയായ ഷാനിന്റെ സുഹൃത്ത് മർദിച്ചതാണ് വൈരാഗ്യത്തിന് പിന്നിലെ കാരണം. കൊല്ലപ്പെട്ട ഷാൻ ബാബു കഞ്ചാവ് കേസിലെ പ്രതിയാണെന്നും എസ് പി ഡി ശിൽപ വിശദീകരിച്ചു.

അതേസമയം കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി രണ്ട് ആഴ്‌ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പത്തൊൻപതുകാരനായ യുവാവിന്റെ കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നു. കൊലയ്ക്ക് മുൻപ് ഷാൻ നേരിട്ടത് ക്രൂരമർദനമെന്ന് പൊലീസ് പറയുന്നു.

ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ മൊഴി നൽകി. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമർദനം തുടർന്നു. ഷാനിന്റെ കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തിയതായും ജോമോൻ മൊഴി നൽകി. തലച്ചോറിലെ രക്തസ്രാവമാണ് ഷാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.