വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി ; രണ്ട് യാത്രക്കാർ അറസ്റ്റില്‍

പട്‌ന: ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്‌ന എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കുള്ള വിമാനത്തിലായിരുന്നു യാത്രക്കാരുടെ ലക്കുകെട്ട ചേതികൾ. സി.ഐ.എസ്.എഫിന്റെ സഹായത്തോടെയാണ് ഞായറാഴ്ച വൈകീട്ട് ഇരുവരേയും പിടികൂടിയത്.

വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്ന ഇവര്‍, യാത്രചെയ്ത 80 മിനിറ്റോളം മദ്യപാനത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ബഹളമുണ്ടാക്കിയതോടെ വിമാന ജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്ത് എയര്‍പോര്‍ട്ട് പോലീസിന് കൈമാറി.

ഇന്‍ഡിഗോ 6ഇ- 6383 വിമാനത്തിലാണ് സംഭവമുണ്ടായത്. മൂന്നാമത്തെയാള്‍ കടന്നുകളഞ്ഞുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിമാനത്തിനുള്ളിൽ യാത്രക്കാർ അപമര്യാദയായി പെരുമാറുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്. തക്ക നടപടി എടുക്കുകയും ശിക്ഷ നൽകുകയും ചെയ്യണമെന്നാണ് മറ്റ് യാത്രക്കാരുടെയും ആവശ്യം.