ബാറിലെത്തി മദ്യവും ഭക്ഷണവും കഴിച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞ യുവാവിനെ തേടി സമൂഹമാധ്യമങ്ങളിൽ ബാർ ജീവനക്കാരന്റെ കുറിപ്പ്

കാഞ്ഞാണി: ബാറിലെത്തി മദ്യവും ഭക്ഷണവും കഴിച്ച ശേഷം പണം നൽകാതെ പിന്നീട് കൊണ്ട് തരാമെന്ന് പറഞ്ഞു എഴുതി ഒപ്പിട്ടു നൽകി പറ്റിച്ചു കടന്നയാളെ തേടി സമൂഹ മാധ്യമങ്ങളിൽ ബാർ ജീവനക്കാരന്റെ പോസ്റ്റ്. തൃശ്ശൂർ കാഞ്ഞാണിയിലെ സിംല ബാറിലെ ജീവനക്കാരൻ മജീദിനെയാണ് യുവാവ് മദ്യപിച്ച ശേഷം പണം നൽകാതെ പറ്റിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരക്കാണ് യുവാവ് മദ്യപിക്കാനായി കാഞ്ഞാണിയിലുള്ള ബാറിലെത്തുന്നത്. ബാറിലെ ജീവനക്കാരൻ മജീദ് ആവശ്യത്തിന് മദ്യം വിളമ്പി.

എം.സി. ബ്രാൻഡിലുള്ള മദ്യം ഓരോ പെഗ് വീതം യുവാവ് ആസ്വദിച്ചു കുടിച്ചു. ആവശ്യത്തിന് സോഡയും കഴിക്കാനായി ഒരു എഗ്ഗ് ചില്ലിയും ഓർഡർ ചെയ്തു. ഉച്ചക്ക് 1 മണിയായി. ഇതിനിടെ യുവാവ് 5 പെഗ് മദ്യം അകത്താക്കി. ഊണ് കഴിക്കാനുള്ള സമയം അടുത്തതോടെ മജീദ് മറ്റൊരു സപ്പ്ളയറെ ഏൽപ്പിച്ച് പോയി. തിരിച്ചു വന്നിട്ടും യുവാവ് എണീറ്റ് പോയിട്ടില്ല. ബില്ല് കൊടുത്തപ്പോൾ കൂട്ടുകാർ ആരോ വരുമെന്ന് മറുപടി.

മണിക്കൂറുകൾ കഴിഞ്ഞു. രാത്രി ഏഴു മണിയായിട്ടും യുവാവ് പറഞ്ഞ ആരും എത്തിയില്ല. കയ്യിൽ ഫോണോ സാധനങ്ങളോ യുവാവിന് ഉണ്ടായിരുന്നില്ല. ബാറിൽ കൊടുക്കാനുള്ള 535 രൂപ അടുത്ത ദിവസം കൊണ്ട് തരാമെന്ന് പറഞ്ഞു. വിശ്വാസം വരാത്ത ബാർ ജീവനക്കാർ യുവാവ് ഒപ്പിട്ടു നൽകിയ കടലാസും പിടിച്ചുള്ള ഒരു ഫോട്ടോ എടുത്ത് വച്ചു.

പോയ യുവാവ് പിന്നീട് പണവുമായി വന്നില്ല. യുവാവ് കഴിച്ച മദ്യത്തിന്റെ പണം ജീവനക്കാരന് സ്വന്തം കയ്യിൽ നിന്ന് ബാറിൽ അടക്കേണ്ടി വന്നു. ഈ യുവാവിനെ സൂക്ഷിക്കണമെന്നും കണ്ടു കിട്ടുന്നവർ അറിയിക്കണം എന്നും അഭ്യർത്ഥിച്ചാണ് അഭ്യർത്ഥിച്ചാണ് യുവാവിന്റെ ഫോട്ടോ സഹിതം മജീദ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.