കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമം, മലപ്പുറത്ത് നാലം​ഗ സംഘം പിടിയിൽ

മലപ്പുറം: കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. പോത്തുകല്‍ സ്വദേശികളായ എടകുളങ്ങര മുരളീധരന്‍ (49), സുനീര്‍ പത്തൂരാന്‍ (37), ഷിജു കൊട്ടുപാറ (35), ഇരുപ്പുകണ്ടം ബാലകൃഷ്ണന്‍ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്.

ഒരു മാസം മുന്‍പാണ് ഇവര്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപുഴ സ്റ്റേഷന്‍ പരിധിയിലെ ഇരൂള്‍ കുന്ന് വനമേഖല കേന്ദ്രീകരിച്ച് കാട്ടുപോത്തിനെ വേട്ടയാടി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ ഈ ഭാഗത്ത് നിന്നും കാട്ടുപോത്തിന്റെ തല കിട്ടിയിരുന്നു.

പ്രതികളെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു വനപാലകർ. ഈ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ലൈസന്‍സ് ഇല്ലാത്ത നടന്‍ തോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ അന്‍വര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ഗിരിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.