പ്രധാനമന്ത്രിയെ എന്തും പറയാനുള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യം

 

അലഹബാദ്/ അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ പ്രധാനമന്ത്രിയെ എന്തും പറയാനുള്ള അവകാശമെന്നല്ല അര്‍ത്ഥമെന്ന് അലഹബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്‌ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മുംതാസ് മന്‍സൂരിയുടെ ഹര്‍ജി തള്ളുമ്പോഴാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, രാജേന്ദ്ര കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

മുംതാസ് മന്‍സൂരി തനിക്കെതിരെ പോലീസ് എടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള മൗലികാവകാശത്തിന് ന്യായമായ നിയന്ത്രണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടായത്. നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മന്‍സൂരി ഫേസ്‌ബുക്കിലൂടെ അപമാനിച്ചിരുന്നു. പ്രധാനമന്ത്രിയെയും സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയും ഒരാള്‍ക്ക്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അധിക്ഷേപിക്കാനുള്ള അവകാശമില്ല. കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 504 (മനപ്പൂര്‍വം അപമാനിക്കല്‍) ഉള്‍പ്പെടെയുള്ള നിരവധി വകുപ്പുകള്‍ പ്രകാരം ആണ് മന്‍സൂരിക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ധനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും മറ്റ് മന്ത്രിമാരെയും ‘നായ’ എന്ന് പരാമര്‍ശിച്ചത് പ്രതിഷേധ സൂചകമായിട്ടാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി, മന്‍സൂരിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.