തീരദേശ ചട്ടംലംഘിച്ച് കെട്ടിയ മരട് ഫ്‌ളാറ്റുകളുടെ വിഷയത്തില്‍ പൂർണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും നഗരസഭക്കും തന്നെ.

 

തീരദേശ ചട്ടംലംഘിച്ച് കെട്ടി ഉയർത്തിയ മരട് ഫ്‌ളാറ്റുകളുടെ വിഷയത്തില്‍ പൂർണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും നഗരസഭക്കുമാണെന്നു സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. മരട് ഫ്‌ളാറ്റുകളുടെ വിഷയത്തില്‍ തടിയൂരാന്‍ സര്‍ക്കാരിനും നഗരസഭയ്ക്കുമാകില്ല. ഉത്തരവാദിത്വം സര്‍ക്കാരിനും നഗരസഭയ്ക്കുമെന്ന് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട്. തീരദേശ ചട്ടംലംഘിച്ച് കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകള്‍ ഒടുവില്‍ പൊളിക്കേണ്ടി വന്നു. എന്നാല്‍ അതില്‍പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും നഗരസഭക്കും ഉണ്ട്. കാരണം ചട്ടങ്ങള്‍ മറികടന്ന് നഗരസഭയാണ് നിര്‍മ്മാണ അുമതി നൽകിയത്. ഫ്‌ളാറ്റ് വാങ്ങിയ പലരും ഇന്ന് വഴിയാധാരമാണ്. അവരുടെ ഗതി ഇനിയെന്തെന്ന് പോലും അറിയില്ല.

മരടില്‍ തീരദേശ ചട്ടം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥര്‍ക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഫാ്ളാറ്റ് നിര്‍മാതാക്കളല്ല അനധികൃത നിര്‍മാണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അനധികൃത നിര്‍മാണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കാണോ അതോ മറ്റേതെങ്കിലും വ്യക്തികള്‍ക്കാണോയെന്ന് കണ്ടെത്താന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനോട് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ജസ്റ്റിസ് രാധാകൃഷ്ണന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിര്‍മാണത്തിന് ഉത്തരവാദികള്‍ ആയവരോട് സ്വീകരിക്കേണ്ട നടപടികള്‍ കോടതിക്ക് തീരുമാനിക്കാ മെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിനെ സംബന്ധിച്ച അഭിപ്രായം സെപ്റ്റംബര്‍ ആറിനകം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി അന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരാണ് നല്‍കിയതെങ്കിലും ഈ തുക പിന്നീട് ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചാല്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ തുകയുടെ ഒരു ഭാഗമെങ്കിലും തിരികെ ലഭിക്കുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. ഏതായാലും മരട് ഫ്‌ളാറ്റ് വിഷയം സര്‍ക്കാരിനും നഗരസഭയെയും തീർത്തും വെട്ടിലാക്കിയിരിക്കുകയാണ്. അതിന്റെ ഉത്തരവാദത്തില്‍ നിന്ന് സർക്കാരിനും നഗര സഭക്കും ഇനി ഒഴിഞ്ഞുമാറാനാകില്ല.

കേരളമാകെ ശ്വാസമടക്കി കണ്ട മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വര്‍ഷം. തീരദേശ നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി 4 ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിടുന്നത്. പൊളിഞ്ഞുവീണ ഫ്‌ലാറ്റുകളുടെ സ്ഥാനത്ത് വീണ്ടും ഫ്‌ലാറ്റ് ഉയര്‍ത്താനുള്ള നിയമ പോരാട്ടത്തിലാണ് വീട് നഷ്ടമായവര്‍. ഇന്ന് ഫ്‌ലാറ്റുകളുടെ സ്ഥാനത്ത് ഏതാനും കോണ്‍ക്രീറ്റ് അവശിഷ്ടവും ഒരുപിടി നിയമ പ്രശനങ്ങളുമാണ് അവശേഷിക്കുന്നത്. പൊളിച്ച് നീക്കിയ ഫ്‌ലാറ്റുകളുടെ ഭൂമി ആര്‍ക്കെന്നതായിരുന്നു ഒരു ചോദ്യം. ഭൂമിയുടെ വിലയടക്കം നല്‍കിയാണ് നിര്‍മ്മാതാക്കളില്‍ നിന്ന് ഫ്‌ലാറ്റുകള്‍ വാങ്ങിയതെന്നതിനാല്‍ ഉടമസ്ഥര്‍ തങ്ങള്‍ തന്നെയെന്ന് ഫ്‌ലാറ്റുടമകള്‍ പറയുന്നുണ്ട്.