സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില വർധനവ്

തിരുവനന്തപുരം. ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടുന്നു. സംസ്ഥാന ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചതാണ് കാരണം. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതം എന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധന സെസ് ജനങ്ങളില്‍ നിന്നും പിരിക്കുന്നത്. അടിസ്ഥാനവില 57.46 രൂപയുള്ള പെട്രോളിനും അടിസ്ഥാനവില 58.27 രൂപയുള്ള ഡീസലിനും വിവിധ നികുതികള്‍ കൂട്ടിയാണ് ഇരട്ടിയോളം വില വരുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിലെ ബുധനാഴ്ചത്തെ വില. എന്നാല്‍ എപ്രില്‍ ഒന്ന് ആകുന്നതോടെ വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി ഉയരും. ഒരു ലിറ്റര്‍ ഇന്ധനം വാഹനത്തില്‍ നിറയ്ക്കുമ്പോള്‍ നിലവില്‍ ഒരു രൂപ കിഫ്ബിയിലേക്ക് നല്‍കുന്നുണ്ട്. ഇതിന് പുറമേയാണ് രൂപ സാമൂഹ്യ സെസ് എന്ന രീതിയില്‍ പിരിക്കുന്നത്.