പല ആള്‍ക്കാരും പറയുന്നത് അച്ഛന്‍ കോണ്‍ഗ്രസ് ആയിരുന്നു എന്നാണ്, എന്നാല്‍ അച്ഛന്‍ എസ്എഫ്ഐക്കാരനായിരുന്നു, ഗോകുല്‍ സുരേഷ് പറയുന്നു

നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി ബിജെപി വിടുന്നോ എന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ സജീവമായ ചര്‍ച്ച. ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ട് വിട്ടേക്കും എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷിന്റെ പ്രതികരണം.

ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ: ‘അച്ഛന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അഴിമതി ഇല്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്. ചിലപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പോലും പണമെടുത്ത് ചെയ്യാറുണ്ട്. അത് അച്ഛന്റെ ഇഷ്ടമാണ്. അച്ഛന്റെ വരുമാനത്തില്‍ നിന്നാണ്. പൂര്‍ണമായും അച്ഛന്റെ തീരുമാനമാണ്. അതിനെ പിന്തുണയ്ക്കുന്നു. രാഷ്ട്രീയ ആശയപരമായി അച്ഛനുമായി വ്യത്യാസമുണ്ട്. അത് അച്ഛന് അറിയാം. എന്നാല്‍ ഇതുവരെ തന്നോട് ചോദിച്ചിട്ടില്ല’.

‘തനിക്ക് സോഷ്യലിസമാണ് ഇഷ്ടം. എന്നാല്‍ സോഷ്യലിസം കൃത്യമായി കൊണ്ട് വരേണ്ട ഇടത്ത് നിന്ന് അത് വരുന്നില്ല. അതുകൊണ്ട് ഒരു പാര്‍ട്ടിയോട് താല്‍പര്യമുണ്ട് എന്ന് പറയാന്‍ തോന്നുന്നില്ല. അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതിനൊരു മറുവശമുണ്ട്. തങ്ങളുടെ കുടുംബം വില്‍ക്കേണ്ടി വന്നേനെ. അപ്പോള്‍ ബിജെപിയുടെ അടി കൂടി കിട്ടും. എല്ലാ പാര്‍ട്ടിയിലെ പ്രമുഖരുമായും അച്ഛന് വളരെ അടുപ്പമുണ്ടായിരുന്നു”.

‘പല ആള്‍ക്കാരും പറയുന്നത് അച്ഛന്‍ കോണ്‍ഗ്രസ് ആയിരുന്നു എന്നാണ്. എന്നാല്‍ അച്ഛന്‍ എസ്എഫ്ഐക്കാരനായിരുന്നു. നായനാര്‍ സാറുമായും കരുണാകരന്‍ സാറുമായും വളരെ അടുപ്പമായിരുന്നു. ഇതൊക്കെ കുട്ടിയായിരുന്നപ്പോള്‍ കേട്ട കാര്യങ്ങളാണ്. കുറേ ഫോട്ടോസൊക്കെ വീട്ടിലുണ്ട്. നായനാര്‍ സാറിന്റെ ഭാര്യയെ കാണാന്‍ തങ്ങളൊക്കെ പോകാറുണ്ട്. അച്ഛന്‍ നാട്ടുകാരൊക്കെ വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് എന്ന് മാത്രമേ ഉളളൂ. നല്ലത് മാത്രം ആളുകള്‍ക്ക് വരണം എന്ന് വിചാരിക്കുന്ന ആളാണ്. ആ ആളിനെ താന്‍ ബഹുമാനിക്കുന്നു”.