കെട്ടിട നികുതി വർധിപ്പിക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ

കെട്ടിട നികുതി വർധിപ്പിക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരുന്നതാണ് . നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് ഇനി മുതൽ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കൊവിഡ് കാലത്ത് നൽകിയ ഇളവുകളും നികുതി ഒഴിവാക്കലും കടന്ന് പൂർവാധികം ശക്തിയിൽ പിരിച്ചെടുക്കാനും കൂടുതൽ മേഖലയ്ക്ക് നികുതി ഏർപ്പെടുത്താനുമാണ് സംസ്ഥാനസ‍ർക്കാരിന്‍റെ തീരുമാനം. വരുമാനം വർദ്ധിപ്പിക്കൽ തന്നെയാണ് പ്രധാനലക്ഷ്യം.

ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ നടപടികൾ. 50 ചതുരശ്രമീറ്റർ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. 538-645 ചതുരശ്ര അടിയ്ക്ക് ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്‍റെ പകുതി നിരക്കിൽ വസ്തു നികുതി ഈടാക്കും.