കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട ; പിടികൂടിയത് 58 ലക്ഷം രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കണ്ണൂർ സ്വദേശി ഉദയ് പ്രകാശ് (30) ആണ് സ്വർണം കടത്താൻ ശ്രമം നടത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സ്വർണ്ണം മിശ്രിത രൂപത്തിൽ ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കടത്താൻ ശ്രമിക്കുകയായിരുന്നു.

കസ്റ്റംസിന്റെ കണ്ണിൽ പൊടിയിട്ട് പുറത്തിറങ്ങിയ ഉദയ് പ്രകാശിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴായിരുന്നു വയറിനകത്ത് ക്യാപ്സൂളുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ ഹാജരാക്കും