നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. 24 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് പരിശോധനയില്‍ കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നും ജിദ്ദ വഴിയെത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്.

സ്പാനറിന്റെയും ട്രിമ്മറിന്റെയും ഇടയില്‍ ഘടിപ്പിച്ചു കൊണ്ടുവന്ന 454 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ യാത്രക്കാരനെ കണ്ടതോടെ കസ്റ്റംസ് ഇയാളെ പരിശോധിക്കുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരന്റെ സാധനങ്ങള്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സ്പാനറിന്റെയും ട്രിമ്മറിന്റെയും ഇടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.