‘പത്തു ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറു ലോറിയാക്കി കാണിച്ച് പണം തട്ടണം’ ഗുഡ് നൈറ്റ് മോഹൻ അന്ന് നിരാശപെട്ടു

കൊച്ചി . എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്നേഹമെന്നു നടൻ ശ്രീനിവാസന്റെ പരിഹാസം.. ഒരു പ്രമുഖ വാർത്ത ചാനലിന്റെ പരിപാടിയിൽ സംസാരിക്കവെയാണ് നടൻ ശ്രീനിവാസൻ ഇങ്ങനെ പ്രതികരിച്ചത്. നഗരസഭയിൽ വർഷങ്ങൾക്ക് മുൻപ് മാലിന്യ സംസ്കരണത്തിന് പദ്ധതി മുന്നോട്ടുവച്ച് നിരാശനാകേണ്ടിവന്ന തന്റെ സുഹൃത്തും നിർമാതാവുമായ ഗുഡ്നൈറ്റ് മോഹന് നേരിട്ട ദുരനുഭവം ശ്രീനിവാസൻ പറയുകയുണ്ടായി.

വിദേശത്തുനിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യ സംസ്കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്നൈറ്റ് മോഹൻ അന്ന് മുന്നോട്ടു വെച്ച നിർദേശം. എന്നാൽ പത്തു ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറു ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാൽ നഗരസഭ ഇത് അംഗീകരിച്ചില്ലെന്നാണ് ശ്രീനിവാസൻ ആരോപിച്ചിരിക്കുന്നത്.

അതേസമയം, കൊച്ചിയിലെ ജീവിതം നരകതുല്യമാക്കിയ ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീ പൂർണമായി അണയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടി എന്നാണ് ഇപ്പോൾ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അവകാശപ്പെടുന്നത്. തീ പൂർണമായി അണച്ച സെക്ടര്‍ 6,7 മേഖലകളില്‍ രണ്ട്, മൂന്ന് ഏക്കറുകളില്‍ വീണ്ടും തീ പിടിക്കാനുള്ള സാദ്ധ്യത ഉണ്ടെന്നും കളക്ടർ പറയുന്നുണ്ട്. ഇത് തടയാൻ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറയുന്നത്.