മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി, ഉദ്ധവ് താക്കറെ സർക്കാർ വീഴുമോ?

മുംബൈ/ മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി. സർക്കാരിനെ വീണ്ടും പിടിച്ചുകുലുക്കി എംഎൽഎ മുങ്ങി. തിങ്കളാഴ്ച നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മന്ത്രിയായ ഏക്നാഥ് ഷിൻഡെ അടക്കം 11 എംഎൽഎമാർ സൂറത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറിയത്. എംഎൽസി കൗൺസിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉദ്ധവ് താക്കറെ സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കി. സംസ്ഥാന നിയമസഭയിലെ 288 അംഗങ്ങളിൽ 145ന്റെ ഭൂരിപക്ഷത്തിനെതിരെ 134 വോട്ടുകളാണ് ബിജെപി നേടിയിരിക്കുന്നത്.

സംസ്ഥാന ലെജ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റുകൾ തൂത്തുവാരിയതിന് പിറകെ വിമതനീക്കം ശക്തമാവുകയായിരുന്നു. ഇതോടെ സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡി സഖ്യ സർക്കാർ നിലം പതിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ശിവസേനയിൽ വിമത നീക്കം എന്ന റിപ്പോർട്ടുകൾ ഉയരുന്നതിനിടെ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നതാണ് സർക്കാർ താഴെ വീഴുമോ എന്ന ചോദ്യം ഉയർത്തുന്നത്.

11 എംഎൽഎമാർ ഷിൻഡെയ്ക്കൊപ്പമുണ്ടെന്ന റിപ്പോർttukalaanu പുറത്ത് വന്നിട്ടുള്ളത്. അതിന്‌പുറമെ, 20തിലധികം എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സേനയുടെ മുതിർന്ന നേതാവ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡി സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്ക് ഇനി എംഎൽഎമാരുടെ കുറവ് മാത്രമാണുള്ളത്.

തിങ്കളാഴ്ച മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. തെരഞ്ഞെടുപ്പിൽ ശിവസേന എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് വിവരം. ബിജെപി ഈ തെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് വിജയിച്ചിരുന്നു. മഹാ വികാസ് അഘാഡി സഖ്യം ആകട്ടെ തങ്ങൾക്ക് കിട്ടേണ്ട ആറാമത്തെ സീറ്റിൽ മുട്ടുകുത്തിയിരുന്നു. നിലവിൽ മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്. അതിന് പുറമെ, സ്വതന്ത്രരുടേയും മറ്റ് പാർട്ടികളുടേയും എംഎൽഎമാരുടേയും വോട്ട് ബിജെപിക്ക് കിട്ടിയതായും റിപ്പോർട്ടുകളുണ്ട്. ശിവസേനയുടേയും കോൺഗ്രസിന്റേയും ചില എംഎൽഎമാർ തങ്ങൾക്ക് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പിന് പിന്നാലെ പറഞ്ഞിരുന്നു.

ബിജെപിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക പുറത്ത് വന്നിട്ടുണ്ട്. ശ്രീനിവാസ് വനഗ, ഏക്നാഥ് ഷിൻഡെ, മഹേഷ് ഷിൻഡെ എന്നിവരടക്കം 22 എംഎൽഎമാരുടെ പിന്തുണയാണ് ബിജെപിക്ക് ഉള്ളത്. ഇവർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ പോലീസിൻ്റെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

എംഎൽസി കൗൺസിൽ തെരഞ്ഞെടുപ്പിലൂടെ ഉദ്ധവ് താക്കറെ സർക്കാറിന്റെ 169 വോട്ടുകൾ എന്നത് 151 വോട്ടുകളായി കുറഞ്ഞു. ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എം എൽ എ മാർ താമസിക്കുന്ന ഹോട്ടലിലെത്തി യിട്ടുണ്ട്. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വിയും ഹോട്ടലിലെത്തിഎന്നാണ് വിവരം.