അതിഥി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് പ്രവാസികള്‍ അര്‍ഹരല്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികളെ അതിഥി തൊഴിലാളികളായി കണാന്‍ കഴിയില്ലെന്നും അതിഥി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കും സുരക്ഷയ്ക്കും പ്രവാസികള്‍ അര്‍ഹരല്ലെന്നും സംസ്ഥാന സര്‍ക്കാര്‍. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ നലകാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രവാസി സംഘടനകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍ സാധിക്കില്ലേ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിലാണ് സര്‍ക്കാരിനു വേണ്ടി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത്.

കൊവിഡ് പരിശോധന പ്രവാസികളുടെ സുരക്ഷയ്ക്കാണ്. കൊവിഡ് ബാധിതര്‍ക്ക് പ്രതേ്യക വിമാനം ഏര്‍പ്പെടുത്തണം. നിലവില്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയവരില്‍ 1.2 ശതമാനം കൊവിഡ് ബാധിതരാണ്. കൊവിഡ് ബാധിച്ചവരെ മടക്കികൊണ്ടുവരില്ലെന്ന നിലപാട് സര്‍ക്കാരിനില്ല. നാട്ടിലേക്ക് മടങ്ങുന്നവര്‍ കൊവിഡ് പരിശോധന നടത്തണം. പി.സി.ആര്‍ ടെസ്റ്റിന് കഴിയില്ലെങ്കില്‍ ട്രൂനാറ്റ്, ആന്റി ബോഡി ടെസ്റ്റുകള്‍ നടത്തിയാല്‍ മതിയാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ നല്‍കാനാവില്ല. അവര്‍ വിമാനത്താവളത്തില്‍ നിന്ന് വീടുകളിലേക്കോ ക്വാറന്റീന്‍ കേന്ദ്രങ്ങിലേക്കോ പോകണം. അതിഥി തൊഴിലാളികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.