കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി, കിട്ടിയത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം, ജീവനക്കാർ പ്രതിഷേധ സമരത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. എല്ലാ മാസവും ഒന്നാം തീയതിയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തുക. എന്നാൽ, മാർച്ച് ഒന്നായ ഇന്നലെ സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളിലേക്ക് എത്തിയില്ല. സർക്കാരിന്റെ സ്ഥിരം പല്ലവിയായ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളവും പെൻഷനും നൽകാൻ കഴിയാതെ വന്നത്.

എന്നാൽ, ചരിത്രത്തിലാദ്യമായി ശമ്പളം പോലും കൃത്യമായി നൽകാൻ കഴിയാത്ത സർക്കാർ എന്ന നാണക്കേട് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇന്നലെയും ജാ​ഗ്രത കാട്ടി. പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയില്ലെങ്കിലും ശമ്പളം വന്നതായി ഫോണുകളിലേക്ക് മെസേജ് വന്നു. സാങ്കേതിക തകരാറാണ് പണം അക്കൗണ്ടുകളിൽ എത്താത്തിന് കാരണമായി അധികൃതർ പറയുന്നത്.

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പ്രതിഷേധ മാർച്ച് നടക്കും. 6 ലക്ഷം പെൻഷൻകാരുടെ പെൻഷനും മുടങ്ങി. 7 ഗഡു ഡി.എ കുടിശികയാണ്. 22 ശതമാനം ആണ് ഡി.എ കുടിശിക. ഡി.എ കുടിശിക ആവശ്യപ്പെട്ട് സമരം ചെയ്ത ജീവനക്കാർ ശമ്പളം എങ്കിലും കൃത്യമായി കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ്.

മുൻപും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ശമ്പളദിവസങ്ങളിലായിരുന്നില്ല. അതിനാൽ ശമ്പളം മുടങ്ങുന്നത് ഒഴിവായിരുന്നു. എന്നാൽ, ഇന്നലെ ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു.

എന്നാൽ, ഇതിനിടയിലും സർക്കാർ ധൂർത്തിന് യാതൊരും കുറവും ഇല്ല. ഇന്ന് ആലപ്പുഴയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ കർഷകരുമായുള്ള മുഖാമുഖത്തിൻ്റെ ചെലവിനായി 33 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ആലപ്പുഴയിലെ ആഡംബര ഹോട്ടലായ കാമിലോട്ടിൽ ആണ് കർഷകരുടെ മുഖാമുഖം സംഘടിപ്പിച്ചിരിക്കുന്നത്. 2000 കോടി രൂപയോളം കർഷകർക്ക് കുടിശിക കൊടുക്കാനുണ്ട്.

അതൊന്നും കൊടുക്കാതെയാണ് ആഡംബര ഹോട്ടലിലെ മുഖാമുഖം. ഇതു പോലുള്ള നിരവധി ധൂർത്തുകളാണ് സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റിൻ്റെ നടുവൊടിച്ചത്. കെ എസ് ആർ ടി സി യുടെ അവസ്ഥയിലായി സംസ്ഥാന സർക്കാർ . ഇങ്ങനെ പോയാൽ ശമ്പളം കെഎസ് ആർ ടി സിയിൽ ലഭിക്കുന്നതുപോലെ മാസത്തിൽ രണ്ട് തവണയായാലും അത്ഭുതപ്പെടേണ്ട.