ഗവർണ്ണർ സിവി ആനന്ദബോസ് ഇസഡ് സുരക്ഷ ഭേദിച്ച് ജനങ്ങൾക്കൊപ്പം, ദുർഗാപൂജ ആഘോഷം

പ്രധാനമന്ത്രിക്ക് തുല്യമായ ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണ്ണർ സി വി ആനന്ദബോസ് സുരക്ഷാ വലയം മറികടന്ന് ജനങ്ങൾക്ക് ഒപ്പം. ബംഗാളിലേ സാധാരണക്കാർക്കും കൂലി പണിക്കാർക്കും ഒപ്പം ദുർഗാ പൂജ ആഘോഷിക്കുന്ന വീഡിയോകൾ പുറത്തുവന്നു. ഇന്ത്യയിലേ ഏറ്റവും ജനകീയ ഗവർണ്ണർ ആയി ആനന്ദബോസ് തിളങ്ങുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം.

ദുർഗാപൂജയുടെ ആഘോഷലഹരിയിൽ വംഗനാട് ആനന്ദം കൊള്ളുമ്പോൾ പ്രത്യാശയും ആവേശവുമുണർത്തി ഗവർണർ ഡോ സി.വി.ആനന്ദബോസ് ജനമനസ്സുകളിൽ തരംഗമാകുന്നു. ബംഗാൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇന്നൊരു വാർത്താതാരമാണ് ‘രാജ്യപാൽ’. മാധ്യമങ്ങളിൽ ഗവർണേഴ്‌സ് ബീറ്റ് മുഖ്യസ്ഥാനത്തായി. രാജ്ഭവനുമുന്നിൽ വാർത്ത തേടിയുള്ള മാധ്യമപ്പടയുടെ സാന്നിധ്യം നിത്യകാഴ്ചയായി മാറിയിരിക്കുന്നു. പൂജാഘോഷ വേളയിൽ ബംഗാൾ ജനതയ്ക്ക് ആശംസകൾ നേർന്ന് ബംഗാളി ഭാഷയിൽ ഗവർണർ ബംഗാളി ജനതയ്ക്ക് ദൂരദർശനും മറ്റു മാധ്യമങ്ങളും വഴി നൽകിയ സന്ദേശം മിനിറ്റുകൾക്കുള്ളിൽ വൈറലായി.

ദുർഗാപൂജയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ പോലീസിന്റെ സുരക്ഷാമുന്നറിയിപ്പുകൾ അവഗണിച്ച് ഗവർണർ ഇടുങ്ങിയ റോഡുകളിൽ സഞ്ചരിക്കുന്നതും ജനങ്ങൾക്കിടയിലേക്കിറങ്ങി ക്ഷേമാന്വേഷണം നടത്തുന്നതും സാധാരണക്കാർക്ക്ക്ക് നവ്യാനുഭവമായി. ശില്പകലയുടെ മഹത്തായ പൈതൃകം പേറുന്ന പൂജാ പന്തലുകൾ കാണാൻ വൻ ജനപ്രവാഹമാണ് അനുദിനം ഒഴുകിയെത്തുന്നത്. വംഗനാടൻ ശില്പകലയുടെ പ്രൗഢി വിളിച്ചോതുന്നവയാണ് 2021 ൽ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലിടം പിടിച്ച ദുർഗാപൂജയുടെ പന്തലുകൾ.

ദുർഗാപൂജയുടെ പൂരപ്പറമ്പായിമാറുന്ന ശ്രീഭൂമി, ന്യൂ ടൗൺ, സർബോജിനിൻ, ഡം ഡം പാർക്ക്, കോളേജ് സ്‌ക്വയർ, ശ്യാംനഗർ ഫൈവ്പോയിന്റ്, മുഹമ്മദലി പാർക്ക്, കടമ്പ്റ്റാല, ബാഗ്ബസാർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അദ്ദേഹം സകുടുംബം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി ആഘോഷങ്ങളിൽ ഐക്യദാർഢ്യം അറിയിച്ചു. എല്ലാദിവസവും അതിനായി അദ്ദേഹം മൂന്നു മണിക്കൂർ ചെലവഴിക്കുന്നു. പതിറ്റാണ്ടുകൾക്കുമുന്പ് സ്റ്റേറ്റ് ബാങ്കിൽ ഓഫീസറായി ജോലിചെയ്തകാലത്തെ പൂജാമഹോത്സവത്തിന്റെ ഓർമ്മകൾ ജനങ്ങളുമായും മാധ്യമങ്ങളുമായും പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഓർമിപ്പിച്ച് വിവാദങ്ങൾ പെരുപ്പിക്കുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ആഘോഷാന്തരീക്ഷം നിലനിർത്താൻ ആനന്ദബോസ് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക സമീപനവും ഉദാസീനതയും മൂലം തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങൾക്കും ഗവർണർ മുൻകൈയെടുത്ത് നടത്തിയ നീക്കങ്ങൾ പൂജ ആഘോഷവേളയിൽ പരിഹാരമുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ‘യോഗ്യ’രായ ജയിൽതടവുകാരെ വിട്ടയയ്ക്കാനുള്ള നടപടി അധികൃതരുടെ നിഷേധാത്മക നയം മൂലം യഥാസമയം നടന്നില്ല. സർക്കാർ സമർപ്പിച്ച പട്ടികയിൽ രാഷ്ട്രീയ പക്ഷപാതവും അനീതിയും അഴിമതിയുമുണ്ടെന്ന ആരോപണം ഉയർന്നപ്പോൾ ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ സർക്കാറിന്റെ വിമുഖതകാരണം നീണ്ടുപോയ നടപടി ഗവർണർ മുൻകൈയെടുത്ത് ദുർഗാപൂജയ്ക്കു തൊട്ടു മുൻപ് പൂർത്തിയാക്കി. അതൃപ്തി വ്യക്തമാക്കിയും വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയും കർശനമായ നിർദേശങ്ങളോടെയാണ് ഗവർണർ ഫയലിൽ ഒപ്പുവെച്ചത്. “സ്പീഡ് ഗവർണർ” എന്ന വിശേഷണം ചാർത്തിയാണ്അ മാധ്യമങ്ങൾ അവ റിപ്പോർട്ട് ചെയ്തത്.

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ആനുകൂല്യങ്ങൾ വര്ധിപ്പിക്കുന്നതിനുള്ള ബില്ലിലും ഇതേ സമീപനമാണ് ഗവർണർ സ്വീകരിച്ചത്. സർക്കാരിന്റെ സാമ്പത്തികസ്ഥിതി, ജനങ്ങളുടെ ആളോഹരി വരുമാനം, ആളോഹരി കടം, അധിക സാമ്പത്തിക ബാധ്യത എന്നിവയൊക്കെ വിശകലനം ചെയ്ത് ബില്ലിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഗവർണർ അംഗീകാരം നൽകിയത്. ആ ബില്ല് പാസാക്കാനായി വിളിച്ച പ്രത്യേക നിയമസഭാസമ്മേളനം ഗവർണറുടെ നിലപാടുകാരണം സർക്കാരിന് മാറ്റിവയ്‌ക്കേണ്ടി വന്നു എങ്കിലും ഒരു വിവാദത്തിനുകൂടി പരിഹാരമായത് ആഘോഷവേളയിൽ ആശ്വാസം പകർന്നു.