ഒരു വർഷത്തോളം ഗവർണർ സംസ്ഥാനത്തിന് പുറത്ത്, ഗവർണറുടെ യാത്രാവിവരം പരസ്യമാക്കി സർക്കാർ

തിരുവനന്തപുരം : രാജ്ഭവൻ രഹസ്യമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രാവിവരം പുറത്തുവിട്ട് സർക്കാർ. കഴിഞ്ഞ 1,095 ദിവസങ്ങളിൽ‌ 328 ദിവസം ഗവർണർ സംസ്ഥാനത്തിന് പുറത്തായിരുന്നു. 2021 ജൂലൈ 29 മുതൽ ഇൗ മാസം 1 വരെയുള്ള കണക്കുകളാണു വെളിപ്പെടുത്തിയത്.

പലവട്ടം രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നൽകാത്ത ഇൗ വിവരം ഒടുവിൽ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണു പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും ആരിഫ് മുഹമ്മദ് ഖാൻ ഇടംപിടിച്ചു. അടിക്കടിയുള്ള ഗവർണറുടെ സംസ്ഥാനത്തിന് പുറത്തേയ്ക്കുള്ള യാത്രയ്‌ക്കെതിരെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു.

ഗവർണറുടെ യാത്രയ്ക്കായി ബജറ്റിൽ മാറ്റി വച്ചതിന്റെ 20 ഇരട്ടി വരെ സർക്കാർ നൽകേണ്ടി വരുന്നുവെന്നും ആരോപണം ഉയർന്നു. ഗവർണർ കേരളത്തിനു പുറത്തുപോകുമ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭരണ വകുപ്പു പുറത്തുവിട്ടത്.
അദ്ദേഹത്തിന്റെ മിക്ക യാത്രകളും ഡൽഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കായിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും പലവട്ടം യാത്ര ചെയ്തു.