മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവരം രേഖാമൂലം അറിയിച്ചില്ല; ഗവര്‍ണര്‍ക്ക് അതൃപ്തി

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി. മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവരങ്ങള്‍ ഗവര്‍ണറെ രേഖമൂലം അറിയിക്കാത്തതിലാണ് അതൃപ്തി. മുഖ്യമന്ത്രിമാര്‍ വിദേശ യാത്ര നടത്തുമ്പോള്‍ ഗവര്‍ണറെ കണ്ട് യാത്രയുടെ വിവരങ്ങള്‍ നേരിട്ട് ധരിപ്പിക്കാറുണ്ട്. എന്നാല്‍ ഈ കീഴ്വഴക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തില്ലാ എന്ന് രാജ്ഭവന്‍ പറയുന്നു.

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി യാത്രയെക്കുറിച്ച് പറഞ്ഞു. 10 ദിവസം യൂറോപ്യന്‍ പര്യടനത്തിലാണെന്ന് അറിയിച്ചു. ഗവര്‍ണര്‍ യാത്രാ മംഗളങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക യാത്രയെക്കുറിച്ച് അറിയിച്ചില്ലെന്നാണ് ആക്ഷേപം.

അതേസമയം പുലര്‍ച്ചെ 3.55നുള്ള വിമാനത്തില്‍ മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. നോര്‍വേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും. ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

മന്ത്രിമാരായ പി. രാജീവും, വി. അബ്ദുറഹ്‌മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഫിന്‍ലാഡ്, നോര്‍വെ യു.കെ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശനം നടത്തുന്നത്. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന് വീഡിയോ ചിത്രീകരിക്കാനായി ലക്ഷങ്ങള്‍ ചെലവാക്കുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ 15 തവണ മുഖ്യമന്ത്രി വിദേശസന്ദര്‍ശനം നടത്തിയപ്പോഴും, 85 തവണ മന്ത്രിമാര്‍ വിദേശ യാത്ര നടത്തിയപ്പോഴും വീഡിയോ, ഫോട്ടോ ഷൂട്ട് സംവിധാനം ഇല്ലായിരുന്നു.