കശ്മീർ ജയില്‍ ഡി.ജി.പിയെ കഴുത്തറുത്ത് കൊന്നത് വീട്ടുജോലിക്കാരന്‍, ചിത്രം പുറത്തുവിട്ട് പൊലീസ്

ജമ്മു കശ്മീർ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹ്യ കൊല്ലപ്പെട്ട സംഭവത്തിൽ സഹായി പിടിയിൽ. സംഭവത്തിന്‌ പിന്നാലെ കാണാതായ യാസിൻ അഹമ്മദിനെ (23)യാണ് പോലീസ് പിടികൂടിയത്. കഴുത്തറത്ത നിലയിലാണ് ജമ്മു കശ്മീരിലെ ജയിൽ വിഭാഗം ഡിജിപി ആയ ഹേമന്ത് കുമാർ ലോഹ്യയുടെ മൃതദേഹം കാണപ്പെട്ടത്. സി. സി. ടീവി ദൃശ്യങ്ങളിൽ നിന്നും ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് സഹായി ആണെന്ന് ജമ്മു കശ്മീർ ഡിജിപി വ്യക്തമാക്കിയിരുന്നു.

വീട്ടുവേലക്കാരൻ യാസിർ അഹമ്മദിൻ്റെ ചിത്രം ജമ്മു പോലീസ് പുറത്തുവിട്ടു. ലോഹ്യയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്ന് പ്രാഥമിക വിവരവും പോലീസ് പുറത്ത് വിട്ടു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്, ശ്വാസം മുട്ടിച്ചു കൊലപ്പെടു ത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഇയാളെന്നും ജമ്മു സോണ്‍ എഡിജിപി മുകേഷ് സിംഗ് വിശദമാക്കുന്നു. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്.

1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്. പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല എന്ന് ജമ്മു എഡിജിപി വ്യക്തമാക്കി. പക്ഷേ സമഗ്രമായ അന്വഷണം നടത്തും. കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ ലഷ്കർ ഇ ത്വയ്ബ ആണ് എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് എഡിജിപിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.