അരിക്കൊമ്പനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ 10 പഞ്ചായത്തുകളിൽ ഹർത്താൽ

ഇടുക്കി. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കി ജില്ലയിലെ 10 പഞ്ചായത്തുകളില്‍ ആരംഭിച്ചു. പലയിടത്തും റോഡ് ഉപരോധിച്ചാണ് സമരം നടക്കുന്നത്. കൊച്ചി ധനുഷ്‌കോടി പാത ഉള്‍പ്പെടെ ഉപരോധിച്ചു. അതേസമയം പോലീസും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി കുറച്ച് വാഹനങ്ങള്‍ കടത്തിവിട്ടു.

അതേസമയം വീണ്ടും ഉപരോധ സമരം ആരംഭിച്ചതോടെ വാഹനനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അരിക്കൊമ്പെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആന കാട്ടില്‍ കഴിയുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല എന്നാല്‍ നാട്ടില്‍ ഇറങ്ങുന്നത് പ്രശ്‌നമാണെന്ന് നാട്ടുകാര്‍ പറയുന്നു. വിഷയത്തില്‍ കോടതി നിയോഗിച്ച സമിതി വന്ന് പഠനം പൂര്‍ത്തിയാക്കുന്നത് വരെ സമരം തുടരും. പോലീസ് കേസ് എടുത്താലും സമരം തുടരുമെന്ന് നാട്ടുകാര്‍ പറയുന്നു.

ചിന്നക്കനാല്‍, ഇടമലക്കുടി, ശാന്തന്‍പാറ, രജകുമാരി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താലുന് പിന്തുണ നല്‍കിയിട്ടുണ്ട്.